തിരുവനന്തപുരം: പുതിയ എം.എൽ.എമാർക്ക് നിയമസഭ വളപ്പിലെ എം.എൽ.എ ഹോസ്റ്റലിൽ ‘കിടപ്പാടം’ ലഭിക്കാൻ കാത്തിരിക്കേണ്ടിവരും. പഴയ കെട്ടിടങ്ങൾ പൊളിച്ച് പുതിയ ബ്ലോക്ക് നിർമിക്കുന്നത് പൂർത്തിയാകാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം.
മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം കഴിഞ്ഞ ‘പമ്പ’ ബ്ലോക്കിന്റെ നിർമാണം കഴിയാൻ ഇനിയും സമയമെടുക്കും. ബംഗാളിൽ തെരരഞ്ഞെടുപ്പ് വന്നതോടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയുടെ തൊഴിലാളികൾ കൂട്ടത്തോടെ സ്ഥലംവിട്ടതാണ് നിർമാണപ്രവർത്തനങ്ങൾ വൈകിപ്പിച്ചത്. അതിനാൽ ഈമാസം ചേരുന്ന ആദ്യ സമ്മേളനത്തിനെത്തുന്ന എം.എൽ.എമാരെ കെ.ടി.ഡി.സി ഹോട്ടലുകളിലും ഗസ്റ്റ്ഹൗസുകളിലുമായി താമസിപ്പിക്കാനുമാണ് നീക്കം.
പഴക്കമുള്ള പമ്പ ബ്ലോക്ക് പൊളിച്ച് 73 കോടി രൂപ ചെലവിൽ 60 ഫ്ലാറ്റുകളുള്ള പത്തുനില മന്ദിരത്തിന്റെ നിർമാണം 2022 അവസാനമാണ് ആരംഭിച്ചത്. കഴിഞ്ഞ സർക്കാറിന്റെ കാലാവധിക്കുള്ളിൽ പണിതീർക്കുമെന്നായിരുന്നു വാഗ്ദാനം. പഴയ പമ്പയിൽ താമസിച്ചിരുന്ന 16 എം.എൽ.എമാരിൽ 14 പേരെ ‘നിള’ ബ്ലോക്കിന്റെ മുകൾനിലയിലെ ഇരുമ്പുഷീറ്റ് മേൽക്കൂരയുള്ള ഒറ്റമുറി ക്വാർട്ടേഴ്സുകളിലേക്ക് മാറ്റിയിരുന്നു. ആവശ്യക്കാർക്ക് പരമാവധി 30,000 രൂപ വരെ മാസവാടകക്ക് ഫ്ലാറ്റിൽ താമസിക്കാൻ അനുമതി നൽകിയെങ്കിലും രണ്ടുപേർ മാത്രമാണ് ഇങ്ങനെ താമസിച്ചത്.
ഈമാസാവസാനത്തോടെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അതിന് പിന്നാലെ സ്പീക്കർ തെരഞ്ഞെടുപ്പ്, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, നന്ദിപ്രമേയ ചർച്ച, ബജറ്റ് അവതരണം എന്നിവയെല്ലാം തുടർച്ചയായുണ്ടാകും. അപ്പോഴേക്ക് എം.എൽ.എമാർക്ക് താമസസൗകര്യം ഒരുക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.