കണ്ണൂർ ഗവ. മെഡിക്കൽ കോളജ്
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാസന്നനിലയിൽ. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അവഗണനയുമാണ് ആതുരാലയത്തെ ദുരിതത്തിലാക്കുന്നത്. ആശുപത്രി ജനറൽ വാർഡിലെ ശുചിമുറികളുടെ അവസ്ഥ അതിദാരുണമാണ്. ശുചിമുറികൾ വൃത്തിയാക്കാത്തതിനാൽ കടുത്ത മൂത്രഗന്ധവും അഴുക്കും കാരണം വരാന്തകളിൽപോലും ആളുകൾക്ക് നിൽക്കാൻ കഴിയുന്നില്ല. പലതും ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ്. അടുത്തകാലത്ത് കാമ്പസിൽ വ്യാപകമായ തോതിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരുന്നു. കുടിക്കാൻ ശുദ്ധജലം ഇവിടെ ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കോടികൾ ചെലവഴിച്ച് ആരംഭിച്ച പുനർനിർമാണം ഇപ്പോഴും നടക്കുകയാണ്. ഈപണി ഇഴഞ്ഞുനീങ്ങുകയാണ്.
വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് പുറമെ കർണാടകയിലെ കുടക് മേഖലയിൽ നിന്നുൾപ്പെടെ നിത്യേന ആയിരക്കണക്കിന് രോഗികൾ എത്തുന്ന ഈ പ്രമുഖ പൊതുജനാരോഗ്യ കേന്ദ്രത്തിനാണ് ഈ അവസ്ഥ. ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന പരിഗണനയോ സൗകര്യങ്ങളോ ഈ വൻകിട ആശുപത്രിയിൽ ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മിക്ക ദിവസങ്ങളിലും കാഷ്വൽറ്റിയിലും ജനറൽ വാർഡുകളിലും ബെഡുകളില്ല. ജനറൽ വാർഡുകളിൽ ബെഡ് ഷീറ്റുകൾ ലഭിക്കാത്ത സ്ഥിതിയുണ്ട്.
മഴക്കാലം ശക്തമായതോടെ ഡെങ്കിപ്പനി, എലിപ്പനി അടക്കമുള്ള പകർച്ചവ്യാധി ബാധിതരുടെ എണ്ണം കൂടുന്നു. രോഗിയുമായി രാത്രികാലങ്ങളിലും മറ്റും കാഷ്വൽറ്റിയിലെത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. എന്നാൽ, എത്തുന്ന ഇവരെ കിടത്താൻ വേണ്ടത്ര ബെഡുകളില്ലാത്ത ദയനീയാവസ്ഥയാണ്. സൗജന്യമായി മരുന്ന് ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും മിക്ക മരുന്നുകളും കിട്ടാക്കനിയാണ്. തൊട്ടടുത്ത കാരുണ്യ മെഡിക്കൽ ഷോപ്പിലെ സ്ഥിതിയും ഭിന്നമല്ല. പാവപ്പെട്ട രോഗികൾ പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ട സ്ഥിതിയിലാണ്. ഉച്ചക്ക് ഒന്നുവരെയാണ് ഒ.പി സമയം. ഇത് കഴിഞ്ഞാൽ കാഷ്വൽറ്റി മാത്രമാണ് അഭയം. ഇവിടെ പ്രത്യേക വിഭാഗത്തിൽപെട്ട ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ല എന്ന പരാതി വർഷങ്ങളായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.