വയനാട് മണ്ണിടിച്ചിൽ: സർക്കാരിന്റെ വാദം തള്ളി, പ്രകൃതി ദുരന്തമെന്ന് കൊങ്കൺ റെയിൽവേ

കൽപ്പറ്റ: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമിക്കുന്ന മീനാക്ഷിമലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിന്റെയും നാട്ടുകാരുടെയും വാദം തള്ളി കമ്പനി പ്രതിനിധി. പദ്ധതി പ്രദേശത്ത് സംഭവിച്ചത് പ്രകൃതി ദുരന്തമാണെന്നും ഇതിൽ കമ്പനിക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് പ്രതിനിധി പ്രതികരിച്ചു. ഇത് ആദ്യമായാണ് വിഷയത്തിൽ കമ്പനി അധികൃതർ പ്രതികരിക്കുന്നത്.

നിർമാണത്തിന്റെ ഭാഗമായി മണ്ണ് കൂട്ടിയിട്ടതല്ല ദുരന്തത്തിന് കാരണം. പദ്ധതി പ്രദേശത്ത് കോൺക്രീറ്റ് ഭിത്തി നിർമിച്ചതിന്റെ 12 മീറ്റർ മുകൾഭാഗത്തുനിന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. അത് ഫോറസ്റ്റിന്റെ ഭൂമിയാണ്. അവിടെ കമ്പനിക്ക് ഒന്നും ചെയ്യാൻ അവകാശമില്ലെന്നും പ്രതിനിധി വ്യക്തമാക്കി. എന്നാൽ, സ്ഥലത്തെ മൺകൂനകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാതെ പ്രതിനിധി ഒഴിഞ്ഞുമാറി.

എന്നാൽ പദ്ധതി പ്രദേശത്ത് മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തത്തിന് കാരണമെന്നാണ് സർക്കാർ വാദം. കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാൻ നേരത്തെ തന്നെ നിർദേശം നൽകിയിട്ടും കമ്പനി സർക്കാർ അറിയിച്ചിരുന്നു.

അതേസമയം, കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ) - ഹിമാചൽ പ്രദേശ്, രാഹുൽ (എഞ്ചിനീയർ) - ഹിമാചൽ പ്രദേശ്, മുഹമ്മദ് ഇംറാൻ (എക്സ്കവേറ്റർ ഓപ്പറേറ്റർ) - ബീഹാർ, രാകേഷ് ഗുച്ചത് (സർവേയർ) - പശ്ചിമബംഗാൾ, അസ്ഹറുദ്ദീൻ അൻസാരി (സർവേയർ) - ഉത്തർപ്രദേശ് എന്നിവരെയാണ് കാണാതായത്.

ഇന്നലെ രാവിലെ 11.15-ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മണ്ണിടിച്ചിലിൽ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ പ്രദേശത്തേക്ക് പൊതുജനങ്ങൾക്ക് പൂർണമായി പ്രവേശനം നിരോധിച്ചിരിക്കുകയാണ്; സന്നദ്ധ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.

കൂടുതൽ കാര്യക്ഷമവും വേഗത്തിലുമുള്ള പരിശോധനയ്ക്കായി ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളാക്കി തിരിച്ചിട്ടുണ്ട്. പരിശോധനക്ക് മനുഷ്യസാന്നിധ്യം തിരിച്ചറിയാൻ സഹായിക്കുന്ന ഡിറ്റക്ടറുകളും കെഡാവർ നായ്ക്കളെയും എത്തിച്ചിട്ടുണ്ട്. എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പൊലീസ് എന്നീ സേനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മണ്ണിടിഞ്ഞ് പൂർണമായും ഗതാഗതം തടസ്സപ്പെട്ടിരുന്ന 200 മീറ്ററോളം വരുന്ന റോഡ് 12 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ പൂർണമായും ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. റോഡിനിരുവശങ്ങളിലും പുഴയുടെ ഭാഗത്തേക്കും ഒലിച്ചിറങ്ങിയ മൺകൂനകൾക്കിടയിലാണ് ഇനി പ്രധാനമായും തിരച്ചിൽ നടത്താനുള്ളത്. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തുനിന്ന് വയനാട്ടിലെത്തും. ദുരന്തമേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താനും ഏകോപിപ്പിക്കാനുമായി മന്ത്രിമാരായ ടി. സിദ്ദിഖ്, റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ എന്നിവർ ജില്ലയിൽ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags:    
News Summary - Wayanad landslide: Konkan Railway calls it a natural disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.