സജീഷിന്‍റെ പ്രവൃത്തി മാതൃകാപരം, ലിനിയുടെ ഓർമദിനത്തിൽ സജീഷിനെ വിളിച്ച് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: നിപ പ്രതിരോധ പ്രവര്‍ത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയെ ഓർമിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ലിനിയുടെ മൂന്നാം ഓർമ ദിനമായ ഇന്ന് വീണ ജോര്‍ജ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെ ഫോണില്‍ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചുവെന്നും അറിയിച്ചു. സജീഷും കുടുംബവുമാണ് ഇന്ന് ചക്കിട്ടപ്പാറ പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലേക്ക് ആവശ്യമായ എല്ലാ ആഹാര സാധനങ്ങളും നല്‍കുന്നത്. ലിനിയുടെ ഓര്‍മ ദിവസത്തിലെ ആ പ്രവര്‍ത്തി മാതൃകാപരമാണെന്നും മന്ത്രി ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.

നിപ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നല്‍കിയ ലിനിയെ മലയാളിക്ക് മറക്കാനാവില്ലെന്നും കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ലിനിയുടെ ജീവിതം ആവേശമാണെന്നും കോവിഡ് കാലത്ത് മുഴുവൻ ആരോഗ്യ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നുവെന്നും വീണ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

വീണ ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ്

ധീരമായ ഓര്‍മ്മകള്‍ ശേഷിപ്പിച്ച് സിസ്റ്റര്‍ ലിനി നമ്മെ വിട്ടിപിരിഞ്ഞിട്ട് മൂന്ന് വര്‍ഷം. പകര്‍ച്ചവ്യാധികള്‍ക്കെതിരായ മുന്നണി പോരാട്ടത്തില്‍ ഏറ്റവും ത്യാഗോജ്ജ്വലമായ ഓര്‍മ്മയാണ് സിസ്റ്റര്‍

ലിനി. ലിനിയുടെ ഭര്‍ത്താവ് സജീഷിനെ രാവിലെ വിളിച്ചിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലേക്ക് ആവശ്യമായ എല്ലാ ആഹാര സാധനങ്ങളും ഇന്ന് ആ കുടുംബം നല്‍കുകയാണ്. ലിനിയുടെ ഓര്‍മ്മ ദിവസം ഏറ്റവും മാതൃകാപരമായി തന്നെയാണ് ആ കുടുംബം ആചരിക്കുന്നത്.

കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നല്‍കിയ ലിനിയെ മലയാളിക്ക് മറക്കാനാവില്ല .2018 മെയ് 21ന് കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു ലിനിയുടെ മരണം. നിപ്പാ രോഗം പകര്‍ന്നുവെന്നു എന്ന് സംശയം ഉണ്ടായപ്പോള്‍ സഹപ്രവര്‍ത്തകരോടും വീട്ടുകാരോടും ലിനി കാണിച്ച മുന്‍കരുതല്‍ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. മരണം മുന്നില്‍ കണ്ടപ്പോഴും മക്കളുള്‍പ്പെടെയുള്ളവരെ കാണാതെ, ആത്മധൈര്യം കൈവിടാതെ ലിനി രോഗത്തോട് പൊരുതി.

കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി നാടിനെ സേവിക്കുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലിനിയുടെ ജീവിതം ആവേശമാണ്. അതി ജാഗ്രതയോടെ ഈ കാലഘട്ടത്തില്‍ നമുക്ക് ലിനിയുടെ ഓര്‍മ്മകള്‍ പുതുക്കാം.. വിശ്രമമില്ലാതെ കരുതലോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നു.

Tags:    
News Summary - Minister Veena George calls Sajeesh on Lini's Memorial Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.