തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന് തനിക്ക് ഉറപ്പുനൽകിയാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന പിൻവലിക്കാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. താൻ അറിയുന്ന ഒരേയൊരു മതേതര-സോഷ്യലിസ്റ്റ് നേതാവ് വി.ഡി. സതീശനാണ്. കോൺഗ്രസിന്റെ വലതുപക്ഷ നിലപാടിനും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇടതുപക്ഷ നിലപാടിനും മധ്യേ നിലകൊള്ളുന്നയാളാണ് അദ്ദേഹം. പക്ഷേ, ഇതുകൊണ്ടെന്നും താൻ സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിപാർശ ചെയ്യുന്നില്ലെന്നും മണിശങ്കർ അയ്യർ പറഞ്ഞു. ആസൂത്രണ ബോർഡിന്റെ അന്താരാഷ്ട്ര സെമിനാറിനിടെ തോമസ് ഐസക്, മന്ത്രി എം.ബി. രാജേഷ് എന്നിവർക്കൊപ്പം വാർത്തസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ യു.ഡി.എഫ് ജയിക്കണമെന്നാണ് തന്റെ ആഗ്രഹം. പക്ഷേ, ഒരു ഗാന്ധിയൻ എന്ന നിലയിൽ സത്യമേ പറയാനാകൂ. അതുകൊണ്ടാണ് അടുത്ത തവണയും പിണറായി വിജയൻ തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന് വ്യക്തമാക്കിയത്. 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഭരണത്തുടർച്ചയുണ്ടായി. ഇടത് സർക്കാറിലും അഭിപ്രായഭിന്നതകളുണ്ട്. എന്നാൽ, അതൊന്നും അവർ തെരുവിൽ എത്തിക്കുന്നില്ല. പക്ഷേ, കോൺഗ്രസിൽ തല്ല് പരസ്യമായാണ്. പാർട്ടിയിലെ ഉൾപ്പോര് കാരണം അവർക്ക് ഈ സർക്കാറിനെ തോൽപ്പിക്കാൻ കഴിയില്ല. ശശി തരൂരിനെപ്പോലെയുള്ളവർ അവസരവാദികളാണ്. കോൺഗ്രസ് വിദേശകാര്യ മന്ത്രിയാക്കിയില്ലെങ്കിൽ മോദിയുടെ വിദേശകാര്യ മന്ത്രിയാകാൻ നോക്കുന്നയാളാണ് അദ്ദേഹം.
സി.പി.എമ്മിന്റെ പി.ആർ ഏജന്റോ?
സംസ്ഥാന സർക്കാറിന്റെ പി.ആർ ഏജന്റായി മണിശങ്കർ അയ്യർ മാറിയെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തെ കുറിച്ച ചോദ്യത്തിന് ‘‘എന്തിനാണ് വെറും ഇന്റർനെറ്റ് പോരാട്ടങ്ങൾ മാത്രം അറിയാവുന്ന കോൺഗ്രസുകാരുടെ നിലവാരത്തിലേക്ക് തന്നെ താഴ്ത്തുന്നത്’’ എന്നായിരുന്നു മറുചോദ്യം. കോൺഗ്രസ് തന്നെ ഒന്നിനും ക്ഷണിക്കാറില്ല. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിലേക്ക് വന്നിട്ടുണ്ട്. അത് മുസ്ലിം ലീഗ് ക്ഷണിച്ചിട്ടാണ്. തോമസ് ഐസക്കും തന്നെ ക്ഷണിച്ചു. ഞാൻ കോൺഗ്രസിലാണ്, അവർ പുറത്താക്കിയാൽ ഞാൻ എന്റെ വഴി നോക്കും.
സി.പി.എമ്മിലേക്ക് ക്ഷണിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് പിണറായി ബുദ്ധിയുള്ളയാളാണെന്നും തന്നെ ഒരിക്കലും സി.പി.എമ്മിലേക്ക് ക്ഷണിക്കില്ലെന്നുമായിരുന്നു മണിശങ്കർ അയ്യറുടെ മറുപടി. ‘‘ഞാൻ പിണറായി വിജയന്റെ സ്ഥാനത്താണെങ്കിൽ, സോണിയ ഗാന്ധി പോലും ‘നിയന്ത്രണമില്ലാത്ത പീരങ്കി’ എന്ന് വിശേഷിപ്പിച്ച മണിശങ്കർ അയ്യർ എന്നൊരാളെ ഏറ്റെടുക്കുമോ’’.
തന്നെപ്പോലെയുള്ള ഒരാളെ ഉൾക്കൊള്ളാൻ ഒരു പാർട്ടിക്കും കഴിയില്ല. സി.പി.എം അച്ചടക്കമുള്ള പാർട്ടിയാണ്, അവർ എന്നെ ക്ഷണിക്കില്ല. എനിക്ക് 84 വയസ്സായി. മല്ലികാർജുൻ ഖാർഗെക്കും അതേ പ്രായമാണ്. അദ്ദേഹത്തിന് പ്രസിഡന്റാകാൻ കഴിയുമെങ്കിൽ എനിക്ക് എന്തുകൊണ്ട് പ്രവർത്തിക്കാൻ കഴിയില്ല? ഞാൻ സുബ്രഹ്മണ്യൻ സ്വാമിയെപ്പോലെയാണ്. കാരണം, സുബ്രഹ്മണ്യൻ സ്വാമി ഒരിക്കലും ഒരു പാർട്ടിയും വിട്ടിട്ടില്ല, പകരം അദ്ദേഹത്തിന്റെ പാർട്ടികളെല്ലാം അദ്ദേഹത്തെ വിട്ടുപോവുകയായിരുന്നു -അദ്ദേഹം പറഞ്ഞു.
മണിശങ്കറെ തള്ളി കോൺഗ്രസ്
തിരുവനന്തപുരം: സി.പി.എമ്മിനും സർക്കാറിനുമൊപ്പം ചേർന്ന് പാർട്ടിക്കെതിരെ രൂക്ഷവിമർശനമുന്നയിക്കുന്ന മുതിർന്ന നേതാവ് മണി ശങ്കർ അയ്യറെ തള്ളി കേൺഗ്രസ്. മണിശങ്കർ അയ്യർ സർക്കാറിന്റെ പി.ആർ ഏജന്റായി മാറിയെന്നും തങ്ങൾക്ക് മംഗളപത്രമെഴുതാൻ മണിശങ്കറെ സർക്കാർ വാടകക്കെടുത്തിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന് കോൺഗ്രസുമായി ഒരു ബന്ധവുമില്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ ഒരു കാര്യത്തിലും കുറേ കാലമായി അദ്ദേഹം ഇടപെടാറില്ലെന്നും ചെന്നിത്തല പറഞ്ഞു.
കുറച്ചുനാളായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സഹകരിക്കുന്ന വ്യക്തിയല്ല മണിശങ്കര്‍ അയ്യറെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായമാണ് മണിശങ്കര്‍ അയ്യര്‍ പങ്കുവെച്ചതെന്നും പാര്‍ട്ടിയുടെ അഭിപ്രായം എ.ഐ.സി.സി കമ്യൂണിക്കേഷന്‍സ് വിഭാഗം പറഞ്ഞിട്ടുണ്ടെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.