തൊടുപുഴ: രണ്ടുദിവസമായി പെയ്യുന്ന മഴയിൽ ഇടുക്കിയിൽ വ്യാപക മണ്ണിടിച്ചിൽ. ബൈസണ്‍വാലി മുത്തന്മുടിയില്‍ ഉരുള്‍പൊട്ടി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ലോവർ പെരിയാർ, കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു.
പൊന്മുടി അണക്കെട്ട് ഏതുനിമിഷവും തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. മഴ നിർത്താതെ പെയ്യുന്നതിനാൽ കലക്ടർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെ ട്ടുകളിൽ ഒരു ദിവസംകൊണ്ട് രണ്ടടി ജലനിരപ്പുയർന്നു. ഇടുക്കി അണക്കെട്ടിൽ 51 ശതമാനം ജലമുണ്ട്.
ഞായറാഴ്ച ഡാമിലെ ജലനിരപ്പ് 2356.10 അടിയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 2351.54 അടിയായിരുന്നു. ഡാമിൽ നിലവിൽ 1117.598 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം സംഭരിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച രാവിലെ വരെ 43.8 മില്ലി മീറ്റർ മഴയാണ് പെയ്തത്.
ഞായാറാഴ്ച വൈകീേട്ടാടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 126 അടിയായി. ശനിയാഴ്ച ഇത് 124 അടിയായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കേരള ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരും അണക്കെട്ട് സന്ദർശിക്കും. ശനിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച രാവിലെ വരെ പീരുമേട് താലൂക്കിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്തത്.
ഇവിടെ 84 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ ദേവികുളത്ത് 62 മില്ലിമീറ്റർ ലഭിച്ചു. ഇടുക്കിയിൽ 4.38ഉം തൊടുപുഴയിൽ 40.4ഉം മഴ ലഭിച്ചു. എന്നാൽ, ഉടുമ്പൻചോലയിൽ 17.4 മില്ലിമീറ്റർ മാത്രമേ ലഭിച്ചുള്ളൂ.
മൂന്നാർ, അടിമാലി, രാജകുമാരി, കുഞ്ചിത്തണ്ണി, മൂലമറ്റം മേഖലയിൽ മരങ്ങൾ കടപുഴകുകയും മണ്ണിടിയുകയും ചെയ്തു. മഴ നിർത്താതെ പെയ്യുന്നതിനാൽ ജനം ആശങ്കയിലാണ്.
ജില്ലയിൽ മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ രാത്രിയാത്രക്ക് നിരോധനം ഏർപ്പെടുത്തി. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മലങ്കര ഡാമിലെ അഞ്ച് ഷട്ടറും ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.