ഖജനാവിന് ‘ലോട്ടറി’; ജി.എസ്.ടി വരവിൽ 18.8 ശതമാനത്തിന്റെ കുതിപ്പ്

തിരുവനന്തപുരം: ജി.എസ്.ടി പരിഷ്കരണത്തിന്‍റെ പ്രഹരത്തെ മറികടന്ന് സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തിൽ കുതിപ്പ്. 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 18.8 ശതമാനത്തിന്‍റെ വളർച്ചയാണുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലുണ്ടായിരുന്ന 16,482 കോടിയിൽനിന്ന് 19,583 കോടിയിലാണ് ജി.എസ്.ടി വരുമാനമെത്തിയത്. മറ്റു സംസ്ഥാനങ്ങളിലെ ശരാശരി ജി.എസ്.ടി വർധന 16 ശതമാനമാണെന്നത് താരതമ്യം ചെയ്യുമ്പോഴാണ് കേരളത്തിന്‍റെ മുന്നേറ്റം വ്യക്തമാവുക.

ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്കുള്ള വ്യാപാരത്തിൽ ലഭിക്കുന്ന ഐ.ജി.എസ്.ടിയിലും സംസ്ഥാനത്തിനുള്ളിലെ വ്യാപാരത്തിലൂടെ ലഭിക്കുന്ന എസ്.ജി.എസ്.ടിയും വളർച്ച പ്രകടമാണ്. എസ്.ജി.എസ്.ടി ഇക്കാലയളവിൽ 13.8 ശതമാനം വർധിച്ച് 8,970 കോടിയായി. ദേശീയ ശരാശരി 5.8 ശതമാനം മാത്രമാണ്. അതായത്, ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലേറെ വേഗത്തിലാണ് കേരളത്തിന്റെ ആഭ്യന്തര നികുതി വരുമാനം വളർന്നത്.

മറ്റു സംസ്ഥാനങ്ങളുടെ ആഭ്യന്തര നികുതി കണക്കുകളിൽ മന്ദതയാണ്. തമിഴ്നാട്ടിൽ രണ്ടു ശതമാനവും ഡൽഹിയിൽ നാല് ശതമാനവും ബംഗാളിൽ ഒരു ശതമാനവുമാണ് ആഭ്യന്തര നികുതി വളർച്ചയിൽ ഇടിവുണ്ടായത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലെ മാത്രം കണക്കുകളിലും കേരളത്തിന്റെ നികുതി വളർച്ച പ്രകടമാണ്. ഐ.ജി.എസ്.ടി സെറ്റിൽമെന്‍റിന് ശേഷവും നികുതി വരുമാനം ഒമ്പത് ശതമാനം വർധിച്ച് 3,451 കോടി രൂപയായി. രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ നടക്കുന്ന വ്യാപാരങ്ങളിൽ സാധനങ്ങൾ വിൽക്കപ്പെടുന്നിടത്ത് കേന്ദ്ര സർക്കാർ ഐ.ജി.എസ്.ടി പിരിച്ചെടുക്കുകയും ഉപഭോക്തൃ സംസ്ഥാനത്തിന് കൈമാറുകയുമാണ് (ഐ.ജി.എസ്.ടി സെറ്റിൽമെന്‍റ്) ചെയ്യുന്നത്.

ഒപ്പം കേരളത്തിന്‍റെ സ്വന്തം എസ്.ജി.എസ്.ടി സമാഹരണവും സെപ്റ്റംബറിൽ എട്ടു ശതമാനം വർധിച്ച് 1,481 കോടിയായി. ജി.എസ്.ടി വരുമാനത്തിന്‍റെ കാര്യത്തിൽ തമിഴ്‌നാടും മഹാരാഷ്ട്രയും കർണാടകയുമടങ്ങുന്ന ജനറൽ കാറ്റഗറി സംസ്ഥാനങ്ങളിൽ കേരളത്തിന്‍റെ സ്ഥാനം 2025 ലെ 11ൽനിന്ന് അഞ്ചായി ഉയർന്നിട്ടുണ്ട്. എസ്.ജി.എസ്.ടി വളർച്ചയിൽ രണ്ടാം സ്ഥാനത്തേക്കും ഉയർന്നു.

News Summary - ‘Lottery’ for Treasury; GST Revenue Jumps 18.8%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.