കേന്ദ്രവാഴ്സിറ്റിയിൽ വന്ദേമാതരത്തിന് ആർ.എസ്.സിന്റെ ആമുഖം; പ്രതിഷേധം
കാസർകോട്: കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം 150ാം വാർഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന ഔദ്യോഗിക പരിപാടിക്ക് ആർ.എസ്.എസ് നേതാവിന്റെ ആമുഖം. വിദ്യാർഥികളുടെ അക്കാദമിക പരിജ്ഞാനം ഉയർത്തുന്നതിന് നടത്തുന്ന സെമിനാറിലാണ് ആർ.എസ്.എസ് പ്രചാരക് ജെ. നന്ദകുമാർ ആമുഖ പ്രഭാഷണം നടത്തുന്നത്.
ഇത് വിദ്യാർഥികളുടെ ബോധനിലവാരത്തെ പരിഹസിക്കുകയാണെന്നും കുട്ടികളുടെ ജ്ഞാന നിർമിതിയേക്കാൾ കാവിവത്കരണത്തിന് മുൻതൂക്കം നൽകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും വിദ്യാർഥി സംഘടനകൾ ആരോപിച്ചു. പ്രതിഷേധം അറിയിച്ചു എസ്.എഫ്.ഐ, എൻ.എസ്.യു.ഐ, എം.എസ്.എഫ് സംഘടനകൾ വൈസ് ചാൻസലർക്ക് കത്തയച്ചു. ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ സർവകലാശാല ലൈബ്രറി ഹാളിലാണ് പരിപാടി.
കേന്ദ്ര സാഹിത്യ അക്കാദമിയും അഖിൽ ഭാരതീയ സാഹിത്യ പരിഷത്തുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിഷത്ത് ആർ.എസ്.എസ് കുടുംബത്തിൽപെട്ട സംഘടനയായാണ് അറിയപ്പെടുന്നത്. ഇതിന്റെ ജനറൽ സെക്രട്ടറി പവൻപുത്ര ബാദൽ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ലോകോത്തര നിലവാരത്തിലുള്ള പാഠ്യപദ്ധതി കൈകാര്യം ചെയ്യുന്ന കേന്ദ്ര സർവകലാശാല പോലുള്ള വിദ്യാഭ്യാസ സ്ഥാപനം വർഗീയ സാഹിത്യ സംഘടനയുമായി കൈകോർക്കുന്നുവെന്നത് വാഴ്സിറ്റി വിദ്യാർഥികളെ പരിഹസിക്കുന്നതാണെന്നാണ് ആക്ഷേപം.
ആർ.എസ്.എസ് പ്രചാരകനായ ജെ. നന്ദകുമാർ ആമുഖപ്രഭാഷണം നടത്തുന്ന പരിപാടിക്ക് അധ്യക്ഷത വഹിക്കുന്നത് വൈസ് ചാനസലർ സിദ്ദീ പി. അലഗൂർ എന്നതും വിദ്യാർഥികൾക്ക് ദഹിക്കുന്നില്ല. വന്ദേമാതരത്തിന്റെ 150ാം വാർഷികം ആഘോഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ, അതിന് വർഗീയ അജണ്ടയോടെ ആർ.എസ്.എസ് സ്പോൺസർ ചെയ്യുന്നതിൽ പ്രതിഷേധമുണ്ടെന്ന് വിദ്യാർഥിനേതാക്കൾ പറയുന്നു. ഒക്ടോബർ ഏഴിനാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ എത്തുന്നത്.
അന്നേ ദിവസം സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം കെ.പി. രാമനുണ്ണി പങ്കെടുക്കും. അഞ്ചു പ്രബന്ധങ്ങളാണ് രണ്ടുദിവസത്തെ സെമിനാറിൽ അവതരിപ്പിക്കുന്നത്. തമിഴ്, ഇംഗ്ലീഷ് എഴുത്തുകാരൻ മാലൻ വി. നാരായണൻ ഉൾപ്പെടെ ഡൽഹി, ആന്ധ്ര, ഒഡിഷ, കർണാടക, തമിഴനാട് തുങ്ങിയ സംസ്ഥാനങ്ങളിൽനിന്നായി 25ാളം പേരാണ് വന്ദേമതരം വാർഷികത്തിന്റെ ചർച്ചയിൽ പങ്കെടുക്കാനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.