WDL7 SAT 05-03-22 കടുവ ഭീതി: മൂലങ്കാവിൽ സർവകക്ഷി യോഗം ചേർന്നു

കടുവയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന് പഞ്ചായത്ത് സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ 17-ാം വാര്‍ഡും പരിസരവും മറ്റൊരു 'കുറുക്കന്‍മൂല' ആകാതിരിക്കണമെങ്കില്‍ ഒരാഴ്ചയായി ജനങ്ങളുടെ സ്വൈരജീവിതം ഇല്ലാതാക്കുന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന് പഞ്ചായത്ത് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഞായറാഴ്ച രാവിലെ വനംമന്ത്രി എ.കെ. ശശീന്ദ്രനെ കല്‍പറ്റയിലെത്തി നേരില്‍ കാണാനും ശനിയാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. നിലവില്‍ ഇല്ലിച്ചോട് തേക്കിന്‍കൂപ്പില്‍ ഒരു കൂട് മാത്രമായിരുന്നു സ്ഥാപിച്ചിരുന്നത്. ഇവിടെ മറ്റൊരു കൂടുകൂടി സ്ഥാപിക്കുമെന്ന് വനം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. അതേസമയം, കൂടുവെച്ച് പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ മാത്രമേ മയക്കുവെടിവെച്ച് പിടികൂടാനുള്ള തീരുമാനമുണ്ടാകൂ എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പ്രദേശത്തെ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് വനംവകുപ്പിന് കീഴിലുള്ള ടെക്‌നിക്കല്‍ ആൻഡ്​ മോണിറ്ററിങ് സമിതി യോഗം വിളിച്ചുചേര്‍ക്കും. നായ്‌ക്കട്ടിയിലും പരിസരത്തും ഇപ്പോഴും വനംവകുപ്പിന്റെ സംഘങ്ങള്‍ നിരീക്ഷണം തുടരുകയാണ്. രാത്രി കടുവ ഏതെങ്കിലും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയാണെങ്കില്‍ ഇരയെ അവിടെനിന്നു മാറ്റാതെ തന്നെ കടുവയെ പിടികൂടാനാണ് നീക്കം. അതിനിടെ പ്രദേശത്ത് വേറെയും കടുവകള്‍ എത്തുന്നുണ്ടെന്ന സംശയം നാട്ടുകാര്‍ ഉന്നയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷന്‍ പറഞ്ഞു. കഴിഞ്ഞദിവസം കാര്‍ യാത്രക്കാര്‍ കണ്ടത് കാലിന് മുടന്തുള്ള കടുവയായിരുന്നെങ്കിലും പിന്നീട് ബൈക്ക് യാത്രികരുടെ മുന്നിലകപ്പെട്ട കടുവക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇവര്‍ പറഞ്ഞതായി പ്രസിഡന്റ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.