മാനന്തവാടി: ആശുപത്രിയിൽ എത്താൻ വാഹനമില്ലാതെ അർധരാത്രിയിൽ പ്രസവവേദനയിൽ വലഞ്ഞ യുവതിക്ക് സഹായ ഹസ്തമേകി വയനാട് പൊലീസ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പൊലീസ് ക്യു.ആർ.ടി പട്രോളിങ് സംഘത്തിന്റെയും മാനന്തവാടി പൊലീസിന്റെയും അടിയന്തിര ഇടപെടലാണ് യുവതിക്കും കുടുംബത്തിനും തുണയായത്. ദുർഘട പാതയിൽ കിലോമീറ്ററുകൾ താണ്ടി പൊലീസ് വാഹനത്തിൽ കൃത്യസമയത്ത് മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചതിനെത്തുടർന്ന് യുവതി പെൺകുഞ്ഞിന് ജന്മം നൽകി. തൊണ്ടർനാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ പോലീസിനെ അഭിനന്ദിച്ചു.
വ്യാഴാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. നിരവിൽപ്പുഴ മാരാടി ഉന്നതിയിലെ കുറുമൻ-മല്ലിക ദമ്പതികളുടെ മകൾ സരോജിനിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിനായി പ്രദേശത്തെ മിക്ക സർവിസുകളെയും ബന്ധപ്പെട്ടെങ്കിലും ആംബുലൻസടക്കം ഒരു വാഹനവും ലഭ്യമായില്ല. ഒടുവിൽ, 112ൽ വിളിച്ച് പൊലീസ് സഹായം തേടുകയായിരുന്നു. തൊണ്ടർനാട് സ്റ്റേഷൻ ജി.ഡി ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ആർ. അനൂപ്, എസ്.സി.പി.ഒ മുഹമ്മദ് സാലിം എന്നിവർ ഉടൻ ക്യു.ആർ.ടി പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് സംഘത്തെ ബന്ധപ്പെട്ടു. പ്രാദേശിക നേതാക്കളുടെ സഹായത്തോടെ ഒരുആശാവർക്കറെ സംഘടിപ്പിച്ച് പൊലീസ് സംഘത്തിന്റെയൊപ്പം അയക്കുകയും ചെയ്തു. ക്യു.ആർ.ടി അംഗങ്ങളായ എസ്.ഐ വർഗീസ് തോമസ് (ട്രാഫിക് യൂനിറ്റ്, മാനന്തവാടി), എസ്.സി.പി.ഒ ഡ്രൈവർ ഷിനു റോഷൻ, കെ.എ.പി അഞ്ചാം ബറ്റാലിയനിലെ റിജോ ജോണി, വിനു വർഗീസ്, മിഥുൻ കെ. ബാബു, വിജയ് വിശ്വം എന്നിവർ ദുർഘട പാതകൾ താണ്ടി ഉന്നതിയിലെത്തുകയും അതീവ ശ്രദ്ധയോടെ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ സരോജിനി പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും ആശുപത്രിയിൽ സുഖമായിരിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാരും ആരോഗ്യപ്രവർത്തകരും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.