പനമരം ഓടക്കൊല്ലിയിൽനിന്ന് പിടികൂടിയ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോകുന്നു

പനമരത്തെ ഭീതിയിലാഴ്ത്തിയ പുലിയെ പിടിച്ചു

പനമരം: മൂന്നുദിവസമായി പനമരം ഓടക്കൊല്ലിയിൽ ഭീതിപരത്തിയ പുലിയെ പിടികൂടിയെങ്കിലും ചത്തു. ഓടക്കൊല്ലിയിൽനിന്ന് രാവിലെ അവശനിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് വല ഉപയോഗിച്ച് പിടികൂടുകയായിരുന്നു. തുടർന്ന് കുപ്പാടിയിലെ മൃഗപരിചരണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്.

ബുധനാഴ്ച പുലർച്ച ഓടക്കൊല്ലി വാസുദേവൻ നായരുടെ മൂന്ന് ആടുകളെ പുലി കൊന്നിരുന്നു. രാവിലെ 6.30ഓടെ മുളങ്കാട്ടിന് സമീപം ആടിന്റെ ശരീരത്തിന്റെ അവശിഷ്ടങ്ങളും പരിസരത്ത് പുലിയെയും കണ്ടെത്തി. ജനവാസ മേഖലകളിലൂടെ സഞ്ചരിച്ച പുലിയെ പനമരം ഹൈസ്കൂളിനു പിറകിലെ ഓടക്കൊല്ലിയിൽ ചൊവ്വാഴ്ച രാത്രി പത്തിനാണ് ഇതരസംസ്ഥാന തൊഴിലാളികൾ കാണുന്നത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ആർ.ആർ.ടി അംഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും ബുധനാഴ്ച രാവിലെ അവശനിലയിലായ പുലിയെയാണ് കണ്ടത്. പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പുലി വളർത്തുനായെ കൊന്നു

പൂത്തകൊല്ലി ജനവാസമേഖല പുലി ഭീതിയിൽ. കൂട്ടിൽ തുടലിൽ കെട്ടിയിട്ടിരുന്ന വളർത്തുനായെ പുലി ആക്രമിച്ച് കൊന്നു. പൂത്തകൊല്ലി സ്വദേശിനി പാത്തുവിന്റെ നായെയാണ് പുലി കൊന്നത്. ചൊവ്വാഴ്ച അർധരാത്രിയിലാണ് പുലി നായെ ആക്രമിച്ചതെന്ന് കരുതുന്നു. ബുധനാഴ്ച പുലർച്ച അഞ്ചോടെയാണ് വീട്ടുകാർ കാണുന്നത്. വനം വകുപ്പധികൃതർ സ്ഥലത്തുവന്ന് പരിശോധന നടത്തി പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കാമെന്ന് ഉറപ്പുനൽകി. കഴിഞ്ഞവർഷവും ഇവിടെ ജനവാസ മേഖലയിൽ കടന്ന് പുലി ആടുകളെ ആക്രമിച്ച സംഭവങ്ങളുണ്ടായിരുന്നു. വീടിന്റെ പരിസര പ്രദേശങ്ങളിൽ കാട് വളർന്നു നിൽക്കുന്നത് കാരണം പകൽ പോലും ഇവിടങ്ങളിൽ പുലി സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക. കാട് വെട്ടിത്തെളിക്കാൻ നടപടി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Tags:    
News Summary - Leopard caught after spreading panic in Panamaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.