സർഗാത്മക ചിത്രം
കല്പറ്റ: വഞ്ചിച്ചെന്ന പരാതിയിൽ വയനാട് സ്വദേശിയായ വ്യവസായിയെ കർണാടക പൊലിസ് അറസ്റ്റുചെയ്തു. ഗുണ്ടില്‍പേട്ടിന് സമീപം ഹിരികടിയിലെ സായ് പ്രിയ സ്റ്റോണ്‍ ക്രഷര്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ വയനാട് ബത്തേരി പൂലമല സ്വദേശി കെ.ജി. ക്ലിപ്പിയാണ് (55) അറസ്റ്റിലായത്. സ്റ്റോണ്‍ ക്രഷറിന്റെ നിലവിലെ ഉടമ എം. സോമശേഖറിന്റെ പരാതിയില്‍ ബേഗൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ക്ലിപ്പി അറസ്റ്റിലായത്. ഗുണ്ടില്‍പേട്ട ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ക്ലിപ്പിയെ റിമാന്‍ഡ് ചെയ്തു. ബിസിനസ് പങ്കാളിയെന്ന നിലയില്‍ വഞ്ചിക്കുകയും ധനനഷ്ടം വരുത്തുകയും ക്രഷര്‍ വളപ്പില്‍ അതിക്രമിച്ചുകയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ക്ലിപ്പിക്കെതിരേ പരാതി നല്‍കിയതെന്ന് സോമശേഖറിന്റെ മകള്‍ നീതു എസ്. ശേഖറും ഭര്‍ത്താവ് എം. പവന്‍കുമാറും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇടനിലക്കാരന് മുഖേന പരിചയപ്പെട്ട ക്ലിപ്പിയുടെ പങ്കാളിത്തത്തോടെ 2016ലാണ് ക്രഷര്‍ ആരംഭിച്ചത്. ഒരുകോടി രൂപയായിരുന്നു ക്ലിപ്പിയുടെ നിക്ഷേപം. സോമശേഖറിന്റെ കൈവശമുള്ള ഏഴ് ഏക്കര്‍ സ്ഥമാണ് യൂനിറ്റിന് ഉപയോഗപ്പെടുത്തിയത്. സ്ഥലത്തിന്റെ വില ഉള്‍പ്പെടെ കണക്കാക്കിയാല്‍ ഏഴ് കോടി രൂപയുടെ നിക്ഷേപമാണ് സോമശേഖര്‍ നടത്തിയത്. എം.ഡി എന്ന നിലയില്‍ സ്ഥാപനത്തിന്റെ കണക്കുകളടക്കം കൈകാര്യം ചെയ്തിരുന്നത് ക്ലിപ്പിയാണ്. പ്രവര്‍ത്തനം തുടങ്ങി മൂന്നുമാസം കഴിഞ്ഞതുമുതല്‍ സ്ഥാപനം നഷ്ടത്തിലാണെന്നാണ് ക്ലിപ്പി സോമശേഖറിനോടും മറ്റ് പങ്കാളികളോടും പറഞ്ഞത്. യോഗം ചേര്‍ന്ന് കണക്ക് അവതരിപ്പിക്കണമെന്ന് മറ്റു പങ്കാളികള്‍ ശഠിച്ചപ്പോള്‍ ക്ലിപ്പി വിദേശത്തേക്കു പോയി. സോമശേഖര്‍ നിയമസഹായം തേടിയതിന് പിന്നാലെ വിദേശത്തുനിന്നു തിരിച്ചെത്തിയ ക്ലിപ്പി യോഗത്തിൽ പങ്കെടുത്തെങ്കിലും തോക്ക് ചൂണ്ടി ഭീഷണിമുഴക്കി പോകുകയാണ് ചെയ്തതെന്ന് ഇവർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ക്ലിപ്പിക്കെതിരേ കേസുണ്ട്. സോമശേഖറിനെതിരേ ഏഴ് സിവില്‍ കേസ് ക്ലിപ്പിയും ഫയല്‍ ചെയ്തിരുന്നു. എട്ട് വര്‍ഷത്തിനുശേഷമാണ് സിവില്‍ കേസുകള്‍ സോമശേഖറിന് അനുകൂലമായി തീര്‍പ്പായത്. പങ്കാളികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ മൂലം ദീര്‍ഘകാലം ക്രഷര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇത് യൂനിറ്റിലെ വിലപ്പിടിപ്പുള്ള യന്ത്രങ്ങളടക്കം ഉപയോഗശൂന്യമാകുന്നതിന് കാരണമായി. ഈ സാഹചര്യത്തില്‍ സായ് പ്രിയയും ഭര്‍ത്താവ് പവന്‍കുമാറും ബാങ്ക് വായ്പയെടുത്ത് പുതിയയന്ത്രങ്ങള് വാങ്ങി. സോമശേഖറിന്റെ പേരില്‍ പുതിയ ലൈസന്‍സ് എടുത്ത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. 10 ദിവസം കഴിഞ്ഞപ്പോൾ ക്ലിപ്പി യൂനിറ്റിലെത്തി കുഴപ്പം ഉണ്ടാക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും പിന്നീട് വിവിധ വകുപ്പുകള്‍ പ്രകാരം ക്ലിപ്പിക്കെതിരേ ബേഗൂര്‍ പൊലീസ് കേസെടുക്കുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്തതെന്ന് ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.