ചേകാടി ജി.എൽ.പി.സ്കൂളിലെ പോളിങ് ബൂത്തിൽ വോട്ടുചെയ്ത ആദിവാസി സ്ത്രീ
ചേകാടി: കാടുംമേടും കടന്ന് വന്യമൃഗങ്ങൾ വിഹരിക്കുന്ന കാനനപാതകൾ താണ്ടി അവർ ജനാധിപത്യത്തിന്റെ മഷി ഇടതു ചൂണ്ടുവിരലിൽ പുരട്ടി. വയനാട്ടിലെ വനത്താൽ ചുറ്റപ്പെട്ട ഗ്രാമങ്ങളിലാണ് രാവിലെ മുതൽ ഒറ്റക്കായും കൂട്ടമായും വോട്ടുചെയ്യാൻ പ്രദേശവാസികൾ എത്തിയത്. പുൽപള്ളി പഞ്ചായത്തിലെ ചേകാടി എൽ.പി സ്കൂളിലെയും തിരുനെല്ലി പഞ്ചായത്തിലെ ഷാണമംഗലത്തെ ബാവലി ജി.യു.പി.എസിലെയും ബൂത്തുകളിൽ ഗോത്രവിഭാഗക്കാരടക്കം രാവിലെ തന്നെ വോട്ടുചെയ്യാനെത്തി. ചേകാടി സ്കൂളിലെ 26ാം ബൂത്തിൽ 747ഉം 27ാം ബൂത്തിൽ 368ഉം വോട്ടർമാരാണുള്ളത്. വനത്താൽ ചുറ്റപ്പെട്ട ചേകാടി ഗ്രാമം കൃഷിക്ക് പേരുകേട്ട ദേശമാണ്. ചേകാടിയില്‍ 40 ഏക്കറോളം സ്ഥലത്ത് ഗന്ധകശാല ഇനത്തില്‍പ്പെട്ട നെല്ല് മാത്രമാണ് കൃഷി ചെയ്തുവരുന്നത്. ആകെയുള്ള 150 കര്‍ഷകരില്‍ 93 പേരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. 15 ശതമാനമാണ് പൊതുവിഭാഗമുള്ളത്. പണിയ, കാട്ടുനായ്ക്ക, അടിയ, ഊരാളി, കുറുമ വിഭാഗങ്ങളാണ് കൂടുതലുള്ളത്. ചേകാടിയിലെ ക്ഷേത്ര ഉത്സവം നടക്കുന്നതിനാൽ രാവിലെ 10.30ഓടെ വോട്ടർമാരുടെ വരവ് കുറഞ്ഞിരുന്നു. ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റന്റായ സി.വി. ചന്ദ്രശേഖരാണ് ബൂത്ത് ലെവൽ ഓഫിസർ.
ഷാണമംഗലത്തെ ബാവലി ജി.യു.പി സ്കൂളിൽ 62, 63 നമ്പർ ബൂത്തുകളാണ് പ്രവർത്തിച്ചത്. ആകെ 1208 വോട്ടർമാരാണുണ്ടായിരുന്നത്. വയനാട്ടിലെ മറ്റ് വനപ്രദേശങ്ങളിലെ ബൂത്തുകളിലും രാവിലെ തന്നെ നിരവധിപേർ വോട്ടുചെയ്യാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.