മാനന്തവാടി: ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയ വയനാട് മെഡിക്കൽ കോളജ് ബോർഡിൽ ഒതുങ്ങി. വിദഗ്ധ ചികിത്സക്കായി ജനങ്ങൾക്കാശ്രയം കോഴിക്കോട് മെഡിക്കൽ കോളജ് തന്നെ.
2021 ഫെബ്രുവരി 12നാണ് സർക്കാർ മാനന്തവാടി ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയത്. പ്രിൻസിപ്പൽ, സീനിയർ സൂപ്രണ്ട് ഉൾെപ്പടെ ഏതാനും ജീവനക്കാർ ചുമതലയേറ്റതല്ലാതെ മറ്റ് ഒരു പ്രവർത്തനവും നടന്നിട്ടില്ല.
മെഡിക്കൽ കോളജായി ഉയർത്തിയതോടെ ജില്ല ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
44 എച്ച്.എം.സി ജീവനക്കാരും 20 എൻ.ആർ.എച്ച്.എം കരാർ ജീവനക്കാരുമാണ് ആശുപത്രിയിൽ ജോലി ചെയ്യുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം ശമ്പളം നിലവിൽ ജില്ല പഞ്ചായത്താണ് നൽകി വരുന്നത്.
അതേസമയം ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള തുക ജില്ല പഞ്ചായത്ത് നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്.
ഇതോടെ ആശുപത്രി സൂപ്രണ്ടിെൻറ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ച് ഇൻഷുറൻസ് ഉൾപ്പെടെയുള്ള മറ്റ് സംവിധാനങ്ങളിലെ ഫണ്ട് വകമാറ്റിയാണ് ആശുപത്രി മുന്നോട്ടുപോകുന്നത്.
ഇത് എത്രകാലം തുടരാനാകുമെന്ന കാര്യത്തിൽ ജീവനക്കാരുടെ ഭാഗത്തു നിന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
ഫണ്ട് വിനിയോഗം സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് പലതവണ സംസ്ഥാന ആരോഗ്യ വകുപ്പിന് കത്തുനൽകിയെങ്കിലും ഇതുവരെ വ്യക്തമായ മറുപടി നൽകാൻ അധികൃതർ തയാറായിട്ടില്ല, അതേസമയം ചികിത്സ തേടിയെത്തുന്ന രോഗികൾക്കാകട്ടെ നിലവിൽ ജില്ല ആശുപത്രിയിൽ ലഭിക്കുന്ന സൗകര്യങ്ങൾ മാത്രമാണ് ലഭിക്കുന്നത്. മെഡിക്കൽ കോളജിെൻറ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി എന്ന് പൂർണമായ തോതിൽ പ്രവർത്തനമാകുമെന്ന കാര്യത്തിൽ ഉത്തരം നൽകാൻ അധികൃതർക്കു പോലും കഴിയാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.