32 കേസുകൾ, 32 വർഷം പഴക്കം; ഒത്തുതീർത്ത് കെ.എസ്.ഇ.ബി

കൽപറ്റ: 1994 മുതൽ വിവിധ കോടതികളിലായി നടന്നുകൊണ്ടിരുന്ന 32 കേസുകൾ ഒത്തുതീർത്ത് കെ.എസ്.ഇ.ബി. ബാണാസുര സാഗർ ഡാമിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എട്ട് കക്ഷികൾ ഫയൽ ചെയ്ത സിവിൽ അന്യായങ്ങളുടെ തുടർച്ചയായാണ് 32 കേസുകൾ ബത്തേരി സബ് കോടതി മുതൽ ഹൈകോടതി വരെയുള്ള കോടതികളിൽ ഫയൽ ചെയ്യപ്പെട്ടത്. അന്നുമുതൽ കക്ഷികളും കെ.എസ്.ഇ.ബിയും തമ്മിൽ നിയമയുദ്ധം നടന്നുവരികയായിരുന്നു. ഇതിനുമുമ്പ് രണ്ടുതവണ ഹൈകോടതി നിർദേശ പ്രകാരം നടത്തിയ ഒത്തുതീർപ്പു ചർച്ചകൾ പരാജയപ്പെട്ടിരുന്നു.

കെട്ടിക്കിടക്കുന്ന കേസുകൾ ഒത്തുതീർക്കുന്നതിനായുള്ള ഹൈകോടതി നിർദേശപ്രകാരം കൽപറ്റ ജില്ല കോടതിയിൽ നടന്ന മീഡിയേഷനിൽ കെ.എസ്.ഇ.ബിയുടെ നിയമവിഭാഗം മേധാവി എസ്.എച്ച. പഞ്ചാപകേശൻ പങ്കെടുക്കുകയും എല്ലാ കക്ഷികൾക്കും സ്വീകാര്യമായ തീർപ്പിലെത്തുകയും ചെയ്തു. ഒത്തുതീർപ്പ് പ്രകാരം കെ.എസ്.ഇ.ബി എല്ലാ കക്ഷികൾക്കുമായി 1812001 രൂപ രണ്ടു മാസത്തിനകം കൈമാറും. 32 വർഷമായി നടക്കുന്ന നിയമയുദ്ധത്തിനാണ് ഇതോടെ വിരാമമായത്.

മീഡിയേഷനിൽ കെ.എസ്.ഇ.ബിക്ക് വേണ്ടി എസ്.എച്ച് പഞ്ചാപകേശന് പുറമെ നിയമവിഭാഗം സീനിയർ സൂപ്രണ്ട് ജി. ശ്രീകുമാരൻ തമ്പി, ലിറ്റിഗേഷൻ നോഡൽ ഓഫിസർ എൽദോ ഫിലിപ്, എക്സിക്യൂട്ടിവ് എൻജിനീയർ പി.ടി. പ്രീതി, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ടി.കെ. രമ്യ, അസി. എൻജിനീയർ കെ. അനിൽ, അഡ്വ. പി.എ. ബഷീർ എന്നിവരും എതിർകക്ഷികൾക്കുവേണ്ടി അഡ്വ. പി.കെ. ദിനേഷ് കുമാർ എന്നിവരും ഹാജരായി. അഡ്വ. കെ.എം. തോമസ് മീഡിയേറ്റർ ആയിരുന്നു. ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ച് ഹൈകോടതി ഉത്തരവിറക്കുന്നതോടെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും.

Tags:    
News Summary - KSEB Settled 32 Cases on 32 Years old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.