കൽപറ്റ: വയനാട് മെഡിക്കൽ കോളജ് ജില്ലയിലെ എല്ലാവർക്കും എളുപ്പത്തിൽ എത്തിപ്പെടാനാവുന്ന തരത്തിലുള്ള പ്രദേശത്ത് നിർമിക്കണമെന്ന ആവശ്യം ശക്തമായി. മെഡിക്കൽ കോളജ് നിർമിക്കുന്നത് സംബന്ധിച്ചുള്ള മെല്ലെപ്പോക്കിനെതിരെ രാഹുൽ ഗാന്ധിയും വിമർശനമുന്നയിച്ചു. വിവിധ സന്നദ്ധ സംഘടനകളും, വ്യക്തികളും, സ്ഥാപനങ്ങളും മെഡിക്കൽ കോളജ് തന്ത്രപ്രധാനമായ സ്ഥലത്ത് പണിയണമെന്ന ആവശ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്.
പനമരം: വയനാട് മെഡിക്കൽ കോളജ് പനമരത്ത് സ്ഥാപിക്കണമെന്ന് പനമരം പൗരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വളരെ എളുപ്പത്തിലും റോഡ് മാർഗവും എത്തിപ്പെടാൻ കഴിയുന്ന പ്രദേശമാണ് പനമരം. വയനാടിെൻറ മധ്യഭാഗമായതിനാൽ മാനന്തവാടി, വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ രോഗികൾക്ക് പരമാധി 30 -35 കി. മീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. അതിനാൽ പനമരം കേന്ദ്രീകരിച്ച് മെഡിക്കൽ കോളജ് ഒരുങ്ങുന്നത് ജില്ലയിലെ മുഴുവൻ പേർക്കും ഒരുപോലെ ഗുണം ചെയ്യും. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിൽ പച്ചിലക്കാട്, കൂടോത്തുമ്മൽ, എരനെല്ലൂർ, ചുണ്ടക്കുന്ന്, പാലുകുന്ന്, പരിയാരം പ്രദേശങ്ങളിൽ ഏക്കറ കണത്തിന് ഭൂമി ലഭിക്കാനുെണ്ടന്നും ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷക്കാലമായി മെഡിക്കൽ കോളജിെൻറ പേരിൽ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. പൗരസമിതി ഭാരവാഹികളായ എം.ആർ. രാമകൃഷ്ണൻ, കെ.സി. സഹദ്, സി. റസാക്ക്, കാദറുകുട്ടി കാര്യാട്ട്, വി.ബി.രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കൽപറ്റ: നിർദിഷട വയനാട് മെഡിക്കൽ കോളജ് ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സ്ഥല തർക്കങ്ങളുടെ പേരിൽ പ്രവർത്തനം തുടങ്ങുന്നത് നീട്ടിവെക്കരുത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്നതിനേക്കാൾ മെഡിക്കൽ കോളജ് എന്നതിലൂടെ വയനാട്ടുകാരുടെ ആവശ്യം വിദഗ്ധ ചികിത്സ സൗകര്യമാണ്. മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമി ദുരൂഹ സാഹചര്യത്തിലാണ് ഒഴിവാക്കിയത്. പകരം ഭൂമി കണ്ടെത്തി കോളജ് തുടങ്ങാത്തത് സർക്കാർ വയനാട്ടുകാരോട് ചെയ്യുന്ന വലിയ വഞ്ചനയാണ്. സർക്കാർ ഉടമസ്ഥതയിലും അല്ലാതെയും അനുയോജ്യമായ എത്രയോ സ്ഥലങ്ങൾ വയനാട്ടിലുണ്ട്. പ്രാദേശികതയിലൂന്നിയ തർക്കവിതർക്കങ്ങളുടെ പേരിൽ മെഡിക്കൽ കോളജ് ഇല്ലാതെയാക്കരുത്. എത്രയും പെട്ടെന്ന് ജില്ലയിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കോളജ് പ്രവർത്തനം ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ടി.പി. യൂനുസ് അധ്യക്ഷത വഹിച്ചു. നവാസ് പൈങ്ങോട്ടായി, ഖാലിദ് പനമരം, നാസർ മാനന്തവാടി, സി.കെ. സമീർ, വി.വി.കെ. മുഹമ്മദ്, ആബിദലി എന്നിവർ സംസാരിച്ചു.
സുൽത്താൻ ബത്തേരി: ജീവൻ രക്ഷിക്കാനായി വൈദ്യശാസ്ത്രം പറയുന്ന ഗോൾഡൻ അവറിനുള്ളിൽ രോഗിക്ക് എത്തിച്ചേരാൻ സാധ്യമാവുന്ന വിധത്തിൽ വയനാട് മെഡിക്കൽ കോളജിന് സ്ഥലം കണ്ടെത്തണമെന്ന് സുൽത്താൻ ബത്തേരി കർമസമിതി ആവശ്യപ്പെട്ടു. ബോയ്സ് ടൗണിലോ, മാനന്തവാടിയിലോ മെഡിക്കൽ കോളജ് ആരംഭിച്ചാൽ ദക്ഷിണ വയനാട്ടിൽനിന്ന് രണ്ട് മണിക്കൂർ സഞ്ചരിക്കേണ്ടി വരും.
എല്ലാ പ്രദേശത്ത് നിന്നും എളുപ്പത്തിൽ എത്താവുന്ന സ്ഥലത്ത് സ്ഥാപിക്കാൻ നിരവധി സ്ഥലങ്ങൾ ലഭ്യമായിട്ടും ഇത്തരമൊരു നീക്കം നടത്തുന്നതിന് പിന്നിൽ ദുരൂഹതയുണ്ട്.
ഭാരവാഹികളായ അഡ്വ. ടി.എം. റഷീദ്, റ്റിജി ചെറുതോട്ടിൽ, ജോണി പാറ്റാനി, പി.വൈ. മത്തായി, ഇ. ഹൈദ്രു എന്നിവർ വിഷയത്തിൽ ജില്ല കലക്ടർക്ക് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.