ഞായറാഴ്ച പുതൂരിലെത്തിയ കടുവയുടെ കാൽപ്പാടുകൾ

കാര്യമ്പാടി പുതൂരിൽ വീണ്ടും കടുവ; ജനം ആശങ്കയിൽ

സുൽത്താൻ ബത്തേരി: കാര്യമ്പാടിക്കടുത്ത് പുതൂരിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കൃഷിയിടങ്ങളിൽ സഞ്ചരിച്ചതിന്റെ കാൽപ്പാടുകൾ പലയിടത്ത് പതിഞ്ഞിട്ടുണ്ട്. വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. കാര്യമ്പാടി മൈലോത്ത് സണ്ണിയുടെ തോട്ടത്തിലാണ് ഞായറാഴ്ച രാവിലെ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. സ്ഥലത്തെത്തിയ വനം വകുപ്പ് കാൽപ്പാട് കടുവയുടെതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കടുവ പ്രദേശത്ത് തങ്ങാൻ സാധ്യതയുള്ളതായി അധികൃതർ പറയുന്നുണ്ട്. പുതൂരിലെ കീച്ചേരി തോട്ടത്തിൽനിന്നാണ് കടുവ എത്തിയതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ഏകദേശം ഒരു മാസം മുമ്പ് പൊങ്ങിനിത്തൊടി ഭാഗത്ത് കടുവാ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ കടുവ അരിമുള ഭാഗത്തേക്കും എത്തി. പിന്നീട് വനം വകുപ്പ് ഡ്രോൺ നിരീക്ഷണവും മറ്റും നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. അന്ന് എത്തിയ കടുവ തന്നെയാണ് ഇപ്പോഴും പ്രദേശത്ത് തങ്ങുന്നതെന്നാണ് നാട്ടുകാർ ഭയക്കുന്നത്.

പൊങ്ങിനിത്തൊടി, പുതൂർ, അരിമുള എന്നിവിടങ്ങളിലൊക്കെ കാടുപിടിച്ചു കിടക്കുന്ന നിരവധി കൃഷിയിടങ്ങളുണ്ട്. ഈ ഭാഗത്താണ് കടുവകൾ തങ്ങാനുള്ള സാധ്യതയുള്ളത്. കൃഷിയിടങ്ങളിലെ കാട് വെട്ടി മാറ്റണമെന്ന് ഒരു മാസം മുമ്പ് വനം വകുപ്പ് തോട്ടമുടമകളോട് അഭ്യർഥിച്ചിരുന്നുവെങ്കിലും മിക്കവരും കാര്യമാക്കിയില്ല. അതേസമയം, പുതൂർ ഉൾപ്പെടുന്ന മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി തെരുവുനായ്ക്കളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.

ഇവിടെ തങ്ങുന്ന കടുവ തെരുവുനായ്ക്കളെ ഭക്ഷണമാക്കുന്നുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. കടിയാമ്പറ്റ, പൂതാടി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് പുതൂർ, അരിമുള തുടങ്ങിയവ. കടുവാ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഞായറാഴ്ച രാവിലെ മുതൽ കണിയാമ്പറ്റ ജന ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് മൈക്ക് അനൗൺസ്മെന്റ് നടത്തി.

Tags:    
News Summary - Tiger spotted again in Karyambadi Puthur; residents in panic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.