ബില്‍ജൂ സാജു, അഭിജിത്ത്. അശ്വന്ത്
മാനന്തവാടി: മാനന്തവാടി പൊലീസ് സ്റ്റേഷനിലെ വനിതാ സബ് ഇൻസ്പെക്ടറെ അക്രമിച്ചു പരിക്കേൽപിക്കുകയും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം മൂന്നുപേർ പിടിയിൽ. ഇടുക്കി ജില്ലയിലെ അടിമാലി കടവനപ്പുഴ വീട് കെ.എ. അഭിജിത്ത് (26), തരുവണ പൊരുന്നന്നൂര്‍ വെങ്ങച്ചിനി വീട് എസ്. അശ്വന്ത് (21), ഇടുക്കി ആനവിരട്ടി കടയൻ വീട്ടിൽ ബില്‍ജൂ സാജു (26) എന്നിവരെയാണ് എസ്.ഐ കെ. സിൻഷയുടെ നേതൃത്വത്തിൽ മാനന്തവാടി പൊലീസ് അറസ്റ്റുചെയ്തത്. കാപ്പ കേസിൽ നിയമ നടപടിക്ക് വിധേയനായ അഭിജിത്ത് ഗുരുവായൂര്‍ ടെമ്പിള്‍, തിരുനെല്ലി, വെള്ളത്തൂവല്‍, മാനന്തവാടി പൊലീസ് സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയാണ്. ഇയാൾ ജാമ്യത്തില്‍ കഴിഞ്ഞു വരികയായിരുന്നു. ബില്‍ജു സാജു അടിമാലി സ്റ്റേഷനിൽ ലഹരി കേസിലെ പ്രതിയാണ്. കഴിഞ്ഞ മാസം 29ന് പുലർച്ച ഓട്ടോഡ്രൈവറെ മർദിച്ച് പണം കവർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ നടത്തിയ പൊലീസിന്റെ നടപടിക്കിടെയാണ് എസ്.ഐക്ക് മർദനമേറ്റത്.
ഓട്ടോഡ്രൈവറെ മർദിച്ച പ്രതി കാറിൽ വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ വാഹനം മാനന്തവാടി കെ.ടി ജങ്ഷന് സമീപം വെച്ച് കൈകാണിച്ചു നിർത്താൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, വാഹനം നിർത്താതെ ഓടിച്ചുപോയി. പിന്തുടർന്ന സംഘം വാഹനം തടഞ്ഞുനിർത്തി വാഹനത്തിൽ പരിശോധന നടത്താൻ ശ്രമിക്കവെ മൂന്നംഗ സംഘം വനിതാ എസ്.ഐയെ തള്ളി മാറ്റുകയും കൈക്കുഴക്കും തോളിനും പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കത്തി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.