അനീഷും സയനയും കൽപറ്റ ടൗൺഷിപ്പിലെ വീട്ടിൽ മക്കളുടെ ചിത്രങ്ങൾ വരച്ച കലാകാരന്മാർക്കൊപ്പം. ഉരുൾ ദുരന്തത്തിൽ മരണപ്പെട്ട മക്കളുടെ ചിത്രങ്ങൾ ചുവരിൽ

മക്കളുറങ്ങാത്ത വീട്ടിൽ അവർ നാളെ താമസം തുടങ്ങും

കൽപറ്റ: ഉരുൾ ദുരന്തത്തിൽ ആകെയുള്ള മൂന്നു കുട്ടികളും മരണപ്പെട്ട അനീഷും സയനയും ടൗൺഷിപ്പിൽ ലഭിച്ച വീട്ടിൽ ശനിയാഴ്ച താമസം തുടങ്ങും. പക്ഷേ, ഈ പുത്തൻ വീട്ടിൽനിന്ന് ആ മക്കൾ എങ്ങോട്ടും പോയിട്ടില്ല. വീട് തുറക്കുമ്പോൾ തന്നെ ആ മൂന്നു കുഞ്ഞുങ്ങളുടെയും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ചുവരിൽ കാണാം.

2024 ജൂലൈ 30ന് ആർത്തലച്ചുവന്ന ഉരുളിൽ ചൂരൽമല ഹൈസ്കൂൾ റോഡിലെ ഈ ദമ്പതികളുടെ ആകെയുള്ള മൂന്നു മക്കളായ ധ്യാനും നിവേദും ഇഷാനും മരണപ്പെട്ടിരുന്നു. പക്ഷേ, അവർ ഇപ്പോഴും തങ്ങളുടെ കൂടെയുണ്ടെന്ന് വിശ്വസിക്കാനാണ് ഇവർക്കിഷ്ടം. അതിനാൽ തന്നെ വീടിന്റെ വാതിൽ തുറക്കുമ്പോൾ തന്നെ മക്കളെ കാണണമെന്ന് അവർ ആശിച്ചു. തുടർന്നാണ് കലാകാരൻമാരായ കോട്ടയം, തൃശൂർ സ്വദേശികളായ ആൽഫി വർഗീസിനെയും ജിഷ്ണുവിനെയും സ്പൂക്കി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പരിചയപ്പെടുന്നത്. ഇവരാണ് വീട്ടിൽ മക്കളുടെ മിഴിവുള്ള ചിത്രങ്ങൾ വരച്ചത്.

ഉരുൾ ദുരന്തത്തിൽ മക്കൾക്കൊപ്പം അനീഷിന്റെ മാതാവ് രാജമ്മയും മരിച്ചിരുന്നു. രാജമ്മയുടെയും നേരത്തേ മരിച്ച അനീഷിന്റെ പിതാവ് കൃഷ്ണൻ കുട്ടിയുടെയും ചിത്രങ്ങളും മക്കളോടൊപ്പം വരക്കുകയായിരുന്നു. വീടിന്റെ ഒരു ഭാഗത്ത് മുഴുവൻ കുട്ടികൾക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളാണ്. മക്കൾ അന്ത്യനിദ്ര കൊള്ളുന്ന പുത്തുമലയിലെ ഹൃദയഭൂമി പൊതുശ്മശാനത്തിലെ കുഴിമാടത്തിൽ ഗ്രാനൈറ്റ് കൊണ്ട് കല്ലറ പണിത ശേഷമാണ് ടൗൺഷിപ്പിലെ വീട്ടിലേക്ക് ഇവർ പാലുകാച്ചാൻ എത്തിയത്. മിക്ക ദിവസങ്ങളിലും അനീഷും സയനയും ആ കല്ലറയിൽ എത്തി ചോക്ലറ്റും കളിപ്പാട്ടങ്ങളും മറ്റും അവിടെ വെക്കും. പുതിയ വീടിന്റെ താക്കോലും കല്ലറയിലെത്തി അവർ മക്കൾക്ക് ‘നൽകിയിരുന്നു’. ശനിയാഴ്ച നടക്കുന്ന വീട്ടുകൂടൽ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും മുൻ റവന്യൂ മന്ത്രി കെ. രാജനുമെത്തും.

Tags:    
News Summary - They will start living in a house where their children don't sleep tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.