തളിപ്പുഴ മസ്ജിദിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ്
വൈത്തിരി: അട്ടകളെകൊണ്ടു പൊറുതിമുട്ടുകയാണ് തളിപ്പുഴ പ്രദേശം. പ്രധാന വഴിയുടെ ഓരങ്ങളിലടക്കം അട്ടകൾ ആണ്. ഒടുവിൽ പള്ളിയിൽവരെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കേണ്ടി വന്നു. തളിപ്പുഴ ജുമാമസ്ജിദിൽ കയറുന്നിടത്ത് ഒരു ബോർഡുണ്ട്; ‘പള്ളിയിൽ കയറുന്നതിനു മുൻപ് കാലിൽ അട്ട കടിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുക’. മഴക്കാലമായതോടെ അട്ടകടിച്ചു കാലിൽ ചോരയൊലിക്കുന്ന അവസ്ഥയിലാണ് പലരും പള്ളിയിൽ കയറുന്നത്. കാർപെറ്റിൽ രക്തംപുരണ്ടു വൃത്തികേടാകുന്നതിനാലാണ് പള്ളി അധികൃതർ ബോർഡ് വെച്ചത്. കൂടെ കടിച്ച ഭാഗത്ത് ഒട്ടിക്കാൻ പ്ലാസ്റ്ററും വെച്ചിട്ടുണ്ട്.
അട്ട കടിക്കുന്നത് ചിലപ്പോൾ തീരെ അറിയില്ല. ചോരകുടി കഴിഞ്ഞു അട്ടകൾ കാലിൽനിന്ന് ഇറങ്ങിക്കഴിഞ്ഞ് കടിച്ച ഭാഗത്തുനിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നതറിയുമ്പോഴാണ് സംഭവം മനസ്സിലാവുക. പലപ്പോഴും മുറിവിൽനിന്ന് രക്തം നിലക്കാതെ ഒഴുകുന്നതും അറിയുകയേയില്ല. പലപ്പോഴും വസ്ത്രത്തിലും മറ്റും ചോരപുരണ്ടു വൃത്തികേടാകും.
മഴക്കാലം കടുത്തതോടെ വയനാടിന്റെ പലഭാഗത്തും അട്ടകൾ നിറഞ്ഞിരിക്കുകയാണ്. മണ്ണ് നനഞ്ഞു തുടങ്ങുന്നതോടെയാണ് അട്ടകൾ പുറത്തുവരുന്നത്. മഴക്കാലം കഴിഞ്ഞ് മണ്ണുണങ്ങുന്നതോടെ ഇവ മണ്ണിനടിയിലേക്കു വലിയും. നീണ്ടകാലം ഭക്ഷണമോ വെള്ളമോ ഇല്ലാതെ ജീവിക്കാനാകും.
ഉപ്പ്, ഡെറ്റോൾ, ചുണ്ണാമ്പ്, സാനിടൈസർ, പുകയില വെള്ളം എന്നിവ ഉപയോഗിച്ച് അട്ടകളെ കൊല്ലാം. കർഷകർ കാലിൽ പൊടിയുപ്പോ ഡെറ്റോൾ ലായനിയോ പുകയില വെള്ളമോ പുരട്ടിയാണ് മണ്ണിലേക്കിറങ്ങുക. മനുഷ്യരെയെന്ന പോലെ മൃഗങ്ങളുടെയും രക്തം അട്ടകൾ കുടിക്കാറുണ്ട്. ഇതര നാടുകളിൽനിന്നും വയനാട്ടിലെത്തുന്ന സഞ്ചാരികൾ അട്ടയുടെ കടിയേൽക്കുന്നതോടെ ആകെ പരിഭ്രാന്തരാകാറുണ്ട്. ശരീരത്തിൽ കയറിയ അട്ടയെ പറിച്ചെടുത്താൽ ആ ഭാഗത്ത് പലപ്പോഴും ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്.
ലീച്ചസ് എന്ന പേരിൽ അറിയപ്പെടുന്ന അട്ടകൾ അന്നലീഡ എന്ന ജീവിവർഗത്തിൽപ്പെടുന്ന ഒരുതരം വിരകളാണ്. പ്രധാനമായും രക്തംകുടിച്ച് ജീവിക്കുന്ന ഇവയെ ഈർപ്പമുള്ള മണ്ണിലും കാടുകളിലും നദികളിലും കുളങ്ങളിലുമാണ് കൂടുതലായി കാണപ്പെടുന്നത്. രക്തം കട്ടപിടിക്കാതിരിക്കാൻ അട്ടയുടെ ഉമിനീരിലുള്ള ‘ഹിരുഡിൻ’ എന്ന രാസവസ്തു സഹായിക്കുന്നു. ഇത് കാരണം അട്ടയെ മാറ്റിയാലും കടിച്ച ഭാഗത്തുനിന്ന് കുറച്ചു സമയം രക്തം വന്നുകൊണ്ടേയിരിക്കും.
മെഡിക്കൽ രംഗത്തെ ഉപയോഗത്തിനു അട്ടകളെ ഉപയോഗിക്കാറുണ്ട്. ലീച്ച് തെറാപ്പി അഥവാ അട്ടവെപ്പ് എന്ന പേരിൽ ആയുർവേദത്തിൽ ചികിത്സയുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിൽ പ്ലാസ്റ്റിക് സർജറികൾക്കും അവയവങ്ങൾ കൂട്ടിച്ചേർക്കുന്ന ശസ്ത്രക്രിയകൾക്കും ശേഷം രക്തയോട്ടം സുഗമമാക്കാൻ അട്ടകളെ ഉപയോഗിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.