ചീരാൽ പ്രദേശത്തെ വന്യമൃഗശല്യത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റി പഴൂരിലെ തോട്ടാമൂല വനം ഓഫിസിലേക്ക് നടത്തിയ മാർച്ച്
സുൽത്താൻ ബത്തേരി: ചീരാൽ പ്രദേശത്തിറങ്ങിയ കടുവ വളർത്തുമൃഗങ്ങളെ പിടികൂടുകയും ദിവസങ്ങളായി പ്രദേശവാസികളിൽ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് നടപടി ശക്തമാക്കി. ജില്ലയിലെ വിവിധ ആർ.ആർ.ടി സംഘങ്ങളെ ഏകോപിപ്പിച്ച് 40 അംഗങ്ങളടങ്ങുന്ന പ്രത്യേക സംഘത്തെ പ്രദേശത്ത് വിന്യസിച്ചു.
കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനും സഞ്ചാരപാതകൾ നിരീക്ഷിക്കുന്നതിനുമായി വിപുലമായ പരിശോധനയും പ്രദേശത്ത് നടത്തിവരികയാണ്. ഇതോടൊപ്പം തെർമൽ കാമറ സംവിധാനമുള്ള ഡ്രോണുകൾ ഉപയോഗിച്ചുള്ള രാത്രികാല നിരീക്ഷണവും വിവിധ മേഖലകളിൽ ശക്തമാക്കി. കടുവയെ സുരക്ഷിതമായി പിടികൂടുന്നതിനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനംവകുപ്പിന്റെ നേതൃത്വത്തിൽ നിരന്തര നിരീക്ഷണവും തിരച്ചിൽ പ്രവർത്തനങ്ങളും തുടരുകയാണ്.
തോട്ടാമൂല വനം ഓഫിസിലേക്ക് കർമസമിതി മാർച്ച്
സുൽത്താൻ ബത്തേരി: ചീരാൽ പ്രദേശത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന വന്യമൃഗശല്യത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴൂരിലെ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളെ ഉടനെ തുരത്തി ജനങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകണം. 40 കി.മീറ്റർ ദൂരത്തുള്ള മേപ്പാടി സ്റ്റേഷൻ പരിധിയിൽനിന്നും ചീരാൽ പ്രദേശത്തെ മാറ്റണം.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജനകീയ സമിതി പ്രതിഷേധ ധർണ നടത്തിയത്. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. കർമംസമിതി ചെയർമാൻ കെ.ആർ. സാജൻ, കൺവീനർ എം.എ. സുരേഷ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷീജ സതീഷ്, അമൽ ജോയി, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗംഗാധരൻ അത്തർ, എം.എസ്. ഫെബിൻ, എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.