കർണാടക-വയനാട് അതിർത്തിയിൽ 1994 ൽ കെ. കരുണാകരൻ തറക്കല്ലിട്ട ബൈരക്കുപ്പ പാലത്തിന്റെ ശിലാഫലകം
നാദാപുരം: വയനാട്ടിലെ പുൽപ്പള്ളിയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന കബനി നദിയിലെ ബൈരക്കുപ്പ പാലത്തിന് കർണാടക സർക്കാരിന്റെ എൻ.ഒ.സി ലഭിച്ചതോടെ വടകര - നാദാപുരം - വിലങ്ങാട് - മാനന്തവാടി - ബംഗ്ലൂരു ചുരമില്ലാ ബദൽ പാതക്ക് പ്രാധാന്യമേറുന്നു. കേരളത്തിന്റെ ഭാഗത്തുള്ള പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പണി നേരത്തെ പൂർത്തിയായതാണ്.
കർണാടക ഭാഗത്തെ സ്ഥലമേറ്റെടുപ്പ് കൂടി വേഗത്തിലാകുന്നതോടെ മലബാറിന്റെ യാത്രാ ദുരിതത്തിന് വലിയ ആശ്വാസമാകും. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നടത്തിയ ചർച്ചയിലാണ് നിർണായക തീരുമാനമായത്. വടകരയിൽ നിന്ന് വയനാട്ടിലെത്താൻ നിലവിൽ കുറ്റ്യാടി ചുരത്തിലെ 12 ഹെയർപിൻ വളവുകൾ താണ്ടണം. എന്നാൽ വിലങ്ങാട് - കുഞ്ഞോം പാത യാഥാർഥ്യമാകുന്നതോടെ ചുരമില്ലാതെ വേഗത്തിലും സുരക്ഷിതമായും യാത്ര ചെയ്യാം. ദേശീയപാത 766-ലെ ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനം മൂലം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പെരിക്കല്ലൂർ - ബൈരക്കുപ്പ പാലം വഴി എച്ച്.ഡി. കോട്ടയിലൂടെ മൈസൂരിലേക്കും ബംഗ്ലൂരിലേക്കും കടന്നുപോകുന്ന പുതിയപാത പരിഹാരമാകും.
നിലവിൽ വടകരയിൽ നിന്ന് ബംഗ്ലൂരിലേക്ക് 330-350 കിലോമീറ്ററാണ് ദൂരം. എട്ട് മുതൽ 10 മണിക്കൂർ സമയം വേണം. എന്നാൽ പുതിയ റൂട്ട് വഴി40 മുതൽ 50 കിലോമീറ്റർ വരെയും സമയത്തിൽ 1.5 മുതൽ 2 മണിക്കൂർ വരെയും ലാഭിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.