കൽപറ്റ: മുട്ടിൽ മരംമുറി കേസിൽ കോടതി വിധി പ്രതികൾക്ക് തിരിച്ചടിയാകും. മുട്ടില്‍ സൗത്ത് വില്ലേജില്‍ നിയമവിരുദ്ധമായി മുറിച്ചതിനത്തുടര്ന്ന് കസ്റ്റഡിയിലെടുത്ത ഈട്ടിത്തടികള്‍ വനം വകുപ്പ് കണ്ടുകെട്ടിയതിനെതിരെ പ്രതികൾ നൽകിയ അപ്പീലുകള്‍ അഡീഷനല്‍ ജില്ല കോടതി(ഒന്ന്) ജഡ്ജി എ.വി. മൃദുല കഴിഞ്ഞ ദിവസം തള്ളിയിരുന്നു. റോജി അഗസ്റ്റിനും മറ്റും സമര്‍പ്പിച്ച അപ്പീലുകളാണ് തള്ളിയത്. പ്രതികളുടെ വാദങ്ങളൊന്നും നിലനിൽക്കില്ലെന്ന് ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയത് പ്രതികൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഉത്തരവിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുട്ടിൽ മരംമുറി കേസിൽ മുൻ റവന്യൂ സെക്രട്ടറിയുടെ വിവാദ ഉത്തരവിനെയും വയനാട് അഡീഷനൽ ജില്ലാ കോടതി ഉത്തരവിൽ പരോക്ഷമായി വിമർശിച്ചിട്ടുണ്ട്.
സർക്കാർ ഉത്തരവുകളും സർക്കുലറുകളും കൊണ്ട് നിലവിലുള്ള വനനിയമങ്ങൾ മറികടക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഈട്ടിത്തടികള്‍ കണ്ടുകെട്ടി സൗത്ത് വയനാട് ഡി.എഫ്.ഒ 2022 ഒക്ടോബര്‍ 27ന് ഉത്തരവായിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീലുകൾ. മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ച മരങ്ങളിൽ 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിച്ചെടുക്കുന്നതിന് കൈവശക്കാരെ അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു അനധികൃത ഈട്ടി മരം മുറി. 500 വർഷത്തിൽ കൂടുതൽ പഴക്കമുള്ള സംരക്ഷിത മരങ്ങൾ അടക്കമാണ് മുറിച്ചുമാറ്റിയതെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞിരുന്നു.
മുൻ റവന്യൂ സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ എ. ജയതിലകാണ് 2020ൽ പട്ടയഭൂമിയിലെ ഈട്ടിത്തടികൾ മുറിക്കാമെന്ന വിവാദ ഉത്തരവ് ഇറക്കിയത്. സഹോദരന്മാരായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ് കുട്ടി അഗസ്റ്റിന്, രണ്ട് വില്ലേജ് ഓഫിസർമാർ എന്നിവരാണ് വിവാദമായ മുട്ടിൽ മരം മുറി കേസിലെ മുഖ്യ പ്രതികള്‍. നേരത്തെ കേസില്‍ 68 പേരെയാണ് പ്രതി ചേർത്തിരുന്നത്. പിന്നീട് കർഷകരെ ഒഴിവാക്കി എട്ടുപേരെ പ്രതിപ്പട്ടികയിൽ ഉൾപെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.