തരിയോട് പഞ്ചായത്തിലെ തയ്യിൽ ഉന്നതിയിലെ വീടും ശൗചാലയവും

അടിസ്ഥാന സൗകര്യങ്ങൾ അകലെ; പതിറ്റാണ്ടുകളുടെ ദുരിതം പേറി തയ്യിൽ ഉന്നതിക്കാർ

തരിയോട്: സ്വന്തമായി കുറച്ച് സ്ഥലവും അടിസ്ഥാന സൗകരങ്ങളോടുകൂടിയ വീടും എന്ന തയ്യിൽ ഉന്നതി നിവാസികളുടെ സ്വപ്നം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പൂർത്തിയായില്ല. വീട്, ടോയ്‍ലറ്റ്, വാസയോഗ്യമായ സ്ഥലം എന്നീ ആവശ്യങ്ങൾ ലഭ്യമാക്കാൻ നിരവധി തവണ പറഞ്ഞിട്ടും ഭരണ കർത്താക്കൾ മുഖം തിരിച്ചതോടെ തരിയോട് പഞ്ചായത്തിലെ തയ്യിൽ നിവാസികളുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നമാണ് അനന്തമായി നീളുന്നത്. ചുവരുകൾ കാലപഴക്കം മൂലം തകർച്ച ഭീഷണി നേരിടുന്ന തയ്യിൽ ഉന്നതിയിലെ മിക്ക വീടുകളും വാസയോഗ്യമല്ലാത്ത നിലയിലാണ്. പ്രളയം മൂലം വെള്ളപ്പൊക്ക ഭീഷണി മഴക്കാലത്ത് നിലനിൽക്കുന്ന പ്രദേശമാണ് ഇവിടെ. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ടോയ്‍ലറ്റുകൾ മൂലം മിക്ക കുടുംബാംഗങ്ങൾക്കും പുറംമ്പോക്കിനെ ആശ്രയിക്കേണ്ട ഗതിയാണ്.

മാറിമാറി വന്ന സര്‍ക്കാറുകള്‍ ഈ കോളനിക്കാരുടെ കാര്യത്തില്‍ ഒരു താല്‍പര്യവും പ്രകടമാക്കിയില്ലന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. സാധാരണക്കാരായ ഇവരുടെ പ്രശ്‌നങ്ങളില്‍ ഒന്നു എത്തിനോക്കുക പോലും ചെയ്തില്ലെന്നാണ് ആദിവാസി കുടുംബങ്ങൾ പറയുന്നത്. ഓർമ വെച്ച കാലം മുതല്‍ കോളനിയില്‍ വളര്‍ന്നവരാണ് ഇവിടത്തെ നിവാസികള്‍. വര്‍ഷങ്ങളായി ഇവിടത്തെ ദുരിതം പേറി ജീവിക്കുന്ന ഇവര്‍ക്ക് വലിയ സ്വപ്‌നങ്ങളൊന്നുമില്ല. പുനരധിവാസത്തിന് പുറമേ സ്വന്തമായൊരു കൂരയെന്ന ഒരേയൊരു സ്വപ്‌നം മാത്രമാണ് ഇവർക്കുള്ളത്.

ഏഴോളം പണിയ വിഭാഗത്തിൽപ്പെട്ട കൂടൂംബങ്ങളാണ് തയ്യിൽ ഉന്നതിയിൽ താമസിക്കുന്നത്. മഴക്കാലം ആരംഭിക്കുന്നത്തോടെ പഞ്ചായത്തിൽ ഏറ്റവും വലിയ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണിത്. മിക്ക വർഷങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ട അവസ്ഥ ഇവിടുത്തെ ആളുകൾക്കുണ്ട്. 15 മുതൽ വർഷത്തിൽ പഴക്കമുള്ള വീടുകളാണ് പലതും.

ചില വീടുകളിൽ ഷീറ്റ് ഉപയോഗിച്ച് അറ്റകുറ്റപ്പണി മാത്രമാണ് ചെയ്തിട്ടുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ ചൊരിഞ്ഞു മടങ്ങുകയല്ലാതെ യാതൊരുവിധ നടപടിയും സ്വികരിക്കുന്നില്ലന്നും ആദിവാസി കുടുംബങ്ങളെ അവഗണിക്കുകയാണെന്നും ഇവർ പറയുന്നു.

Tags:    
News Summary - The elites of Thayyip have borne the burden of decades of suffering.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.