ചന്ത്രോത്ത് ഉന്നതിക്കടുത്ത് ഒരു മാസത്തോളമായി കണ്ട കാട്ടാന പാതിര വനത്തിൽ ചെരിഞ്ഞനിലയിൽ
പുൽപള്ളി: നാട്ടുകാരുടെ പ്രിയ കാട്ടാനയായ ലക്ഷ്മി ഒടുവിൽ ചെരിഞ്ഞു. പുൽപള്ളി ചേകാടി ചന്ത്രോത്ത് ഉന്നതിക്കടുത്ത് ഒരു മാസത്തോളമായി തമ്പടിച്ചിരുന്ന കാട്ടാനയെയാണ് പാതിരി വനത്തിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പെരിക്കല്ലൂരിനടുത്ത് പാതിരി വെള്ളൂപ്പാടി ഉന്നതിക്ക് സമീപമുള്ള വനത്തിലാണ് 70 വയസ്സ് തോന്നിക്കുന്ന ആനയുടെ ജഡം കണ്ടെത്തിയത്. ചന്ത്രോത്ത് ഉന്നതിയിൽനിന്ന് രണ്ട് കിലോമീറ്റർ അകലമുണ്ട് ഇവിടേക്ക്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ചന്ദ്രോത്ത് ഉന്നതിയോട് ചേർന്ന് 50 മീറ്റർ മാത്രം അകലത്തിലാണ് വനമുള്ളത്. ഇവിടെ നിന്ന് എത്തിയ ആനക്ക് ഉന്നതിക്കാർ ലക്ഷ്മി എന്ന് പേരിടുകയായിരുന്നു. കുട്ടികളടക്കം ആനക്ക് അരികിലെത്തി പേരു ചൊല്ലി വിളിക്കുമായിരുന്നു. നാട്ടുകാരോട് ഏറെ ഇണങ്ങിയ ആന കുറുമ്പോ അക്രമസ്വഭാവമോ കാണിച്ചിരുന്നില്ല. ആനക്ക് ചക്കയും മാങ്ങയും എല്ലാം തീറ്റയായി നൽകുന്നതും ഉന്നതിക്കാരായിരുന്നു. ആനക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടെന്ന് നേരത്തേ തന്നെ വനപാലകർ അറിയിച്ചിരുന്നു. പ്രായാധിക്യം മൂലമാണ് ആന ചെരിഞ്ഞതെന്ന് വനംവകുപ്പ് അറിയിച്ചു.
ഏറെ സൗഹൃദത്തോടെയാണ് ആന ഇവരുമായി ഇടപഴകിയിരുന്നത്. ഫെൻസിങ് ലൈനിന്റെ മറുഭാഗത്താണ് ആന സ്ഥിരമായി എത്തുന്നതിനാൽ ഇവിടത്തെ കുട്ടികളടക്കം ആനക്ക് കാവൽ നിൽക്കാറുണ്ടായിരുന്നു. ചേകാടി ഭാഗത്തായിരുന്നു മുമ്പ് ഈ ആന ഉണ്ടായിരുന്നതെന്ന് ഇവിടെയുള്ളവർ പറയുന്നു. അവിടെ ചക്കയും മാങ്ങയും എല്ലാം കഴിഞ്ഞതോടെയാണ് ഈ ഭാഗത്തേക്ക് എത്തിയത്. ശാരീരിക പ്രശ്നങ്ങളുള്ള ലക്ഷ്മി ആനയെ പിന്നീട് ചെരിഞ്ഞ നിലയിൽ കാണുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.