മേപ്പാടി: കള്ളാടി മീനാക്ഷിയിൽ ഒരുവിധ സുരക്ഷാ സംവിധാനവുമില്ലാതെ കാടിന് നടുവിൽ പ്രവർത്തിക്കുന്ന തമിഴ് മീഡിയം സർക്കാർ പ്രൈമറി സ്കൂൾ ആശങ്കയുണർത്തുന്നു. സ്ഥിരമായി കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. തോട്ടം ജോലിക്കായി പതിറ്റാണ്ടുകൾക്ക് മുമ്പ് അട്ടമലയിലെത്തിയ തമിഴ് കുടുംബങ്ങളിലെ കുട്ടികൾക്ക് വേണ്ടിയാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. 2011വരെ സ്കൂൾ അട്ടമലയിൽ പ്രവർത്തിച്ചു.
2011ൽ കള്ളാടി മീനാക്ഷി എസ്റ്റേറ്റ് വിട്ടുകൊടുത്ത ഒരേക്കർ ഭൂമിയിൽ നിർമിച്ച കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. തുടർന്നിങ്ങോട്ട് അവിടെത്തന്നെയാണ് പ്രവർത്തനം. 14 കുട്ടികളാണ് ഇപ്പോൾ സ്കൂളിൽ പഠനം നടത്തുന്നത്. സ്കൂളിന് ചുറ്റുമെന്ന് പറയാവുന്നവിധത്തിൽ വനപ്രദേശമാണ്.
വന്യ മൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണിവിടം. സ്കൂളിന് ചുറ്റുമതിലോ വൈദ്യുതിവേലിയോ ഒന്നുമില്ല. ഇതിനുവേണ്ടി സ്കൂൾ അധികൃതർ നൽകിയ നിവേദനങ്ങളൊന്നും ഫലവത്തായില്ല. കഴിഞ്ഞ മാസാവസാനത്തിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിക്കാനിടയായ സ്ഥലത്തേക്ക് ഇവിടെനിന്ന് ഒരു കിലോമീറ്ററിൽ താഴെയേ ദൂരമുള്ളു. ഈ സംഭവം കൂടി ആയതോടെ കുട്ടികളെ സ്കൂളിലേക്കയക്കാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. സ്കൂളിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളേർപ്പെടുത്തണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.