വെള്ളമുണ്ട പബ്ലിക് ലൈബ്രറി
വെള്ളമുണ്ട: 1936ൽ സ്ഥാപിച്ച വെള്ളമുണ്ട പബ്ലിക് ലൈബ്രറി 90ന്റെ നിറവിൽ. വെള്ളമുണ്ട പഞ്ചായത്തിലെ ആദ്യത്തെ ലൈബ്രറിയും ഇതാണ്. പ്രഥമ പ്രസിഡന്റ് വി.കെ. നാരായണൻ നായരും പ്രഥമ സെക്രട്ടറി എ. കേളു നമ്പ്യാരുമാണ്. വെള്ളമുണ്ട എ.യു.പി സ്കൂളിനോട് ചേർന്ന ഒരു മുറിയിലായിരുന്നു ഗ്രന്ഥശാല പ്രവർത്തിച്ചിരുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് രൂപീകൃതമായ ലൈബ്രറി വികസന പാതയിൽ മുന്നേറിയത് അമ്പലച്ചാൽ ക്ലബ്ബ് എന്ന പേരിൽ തുടക്കംകുറിച്ച കൂട്ടായ്മയുടെ പ്രവർത്തനഫലമായാണ്.
ക്ലബ്ബ് സംഘടിപ്പിച്ച ചർച്ചയിൽ ക്ലബ്ബിനേക്കാൾ നാടിനാവശ്യം ഒരു വായനശാലയാണെന്ന നിർദേശംവന്നു. വെള്ളമുണ്ട എ.യു.പി സ്കൂളിനോടുചേർന്ന കെട്ടിടത്തിൽ തുടക്കംകുറിച്ച ലൈബ്രറിക്ക് സ്വന്തമായൊരു കെട്ടിടംവേണം എന്ന ആശയം യാഥാർഥ്യമാകുന്നതിന് വി. ഗോപാലൻ നമ്പ്യാർ, പി.സി. കുര്യാക്കോസ്, വി. കേളു നമ്പ്യാർ, ഭാസ്കരൻ, മണിമ ഇബ്രാഹിം എന്നിവർ നിരന്തരമായി ശ്രമിച്ചു. പിന്നീട് യു.പി സ്കൂളിനു സമീപത്ത് കാടുപിടിച്ചു കിടന്നിരുന്ന സ്ഥലം ശുചീകരിച്ചു. സ്ഥലത്തിന്റെ രേഖകൾ ശരിയാക്കി നാണു മാഷിന്റെ അടുക്കൽനിന്നും വാക്കാലാധാരം വാങ്ങിയാണ് ലൈബ്രറിക്ക് സ്ഥലം ഏറ്റെടുത്തത്. തുടർന്ന് വിപുലമായ കമ്മിറ്റി രൂപവത്കരിച്ച് പണം കണ്ടെത്തി കെട്ടിടം നിർമിച്ചു.
പഴയ ഓടിട്ട കെട്ടിടത്തിൽ ലൈബ്രറിയുടെ പ്രവർത്തനം തുടങ്ങിയ സമയത്ത് ലൈബ്രറിയോട് ചേർന്ന് ഒരു അംഗൻവാടി പ്രവർത്തിച്ചിരുന്നു. ചാലിൽ കുഞ്ഞമ്മദ് ഹാജി നൽകിയ സ്ഥലത്ത് ലൈബ്രറിയോട് ചേർത്ത് ഷെഡ് ഉണ്ടാക്കിയാണ് അംഗൻവാടി തുടങ്ങിയത്. പഠനം ഷെഡിലും സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ലൈബ്രറിയിലുമായിരുന്നു. എലിശല്യം കൂടിയപ്പോൾ അംഗൻവാടി ഒഴിയുകയും ഷെഡ് കെട്ടിയ സ്ഥലം ലൈബ്രറി സ്ഥലത്തോട് ചേരുകയും ചെയ്തു. തുടർന്നാണ് പഴയ ഓടിട്ട കെട്ടിടം പൊളിച്ച് പുതിയത് നിർമിച്ചത്.
1938ൽ ഗ്രന്ഥശാലയിൽ 1000ൽ അധികം പുസ്കങ്ങളും അവയുടെ വിവരങ്ങൾ അടങ്ങിയ കാറ്റലോഗും ഉണ്ടായിരുന്നു. 1957 ൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗത്വം നേടി. 1961ൽ ഗ്രന്ഥശാല സംഘത്തിന്റെ അമരക്കാരൻ പി.എൻ. പണിക്കർ ഗ്രന്ഥാലയം സന്ദർശിച്ചു. 1977ൽ അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ പുതിയ കെട്ടിടം ലൈബ്രറി കൗൺസിലിന്റെ അന്നത്തെ കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന തായത്ത് രാഘവൻ ഉദ്ഘാടനം ചെയ്തു. നിലവിൽ സാംസ്കാരിക രംഗത്തെ തലയെടുപ്പുള്ള സ്ഥാപനമായി വെള്ളമുണ്ട പബ്ലിക് ലൈബ്രറി പ്രവർത്തിച്ചുവരുന്നു. 18000 പുസ്തകങ്ങൾ ഉണ്ട്. വിവിധ സാംസ്കാരിക പരിപാടികൾ നിരന്തരം സംഘടിപ്പിച്ച് ഏറെ സജീവമാണ് നാടിന്റെ ഈ അക്ഷര ഖനി. വരുന്ന ഡിസംബർ മാസംവരെ നീളുന്ന തൊണ്ണൂറാം വാർഷിക പരിപാടികൾ വൻ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്മിറ്റിയും നാട്ടുകാരും. വാർഷികത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 16ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.