കല്‍പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ ആദിവാസിയായ ജോഗി കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭ പ്രക്ഷോഭത്തിന്. മുത്തങ്ങ റേഞ്ചില്‍ 2003ല്‍ ഭൂസമരം ചെയ്ത ആദിവാസികളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കാനായിരുന്നു ശ്രമം. തുടര്‍ന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളിലും ജോഗിയുടെ മരണത്തിലും സമഗ്രാന്വേഷണം വേണം. സമരപരിപാടികള്‍ ലോക ആദിവാസി ദിനമായ ആഗസ്റ്റ് ഒമ്പതിന് രാവിലെ 10ന് ബത്തേരിയില്‍ ചേരുന്ന കൺവെന്‍ഷനില്‍ പ്രഖ്യാപിക്കുമെന്നും ആദിവാസി സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
താമസിക്കാനും കൃഷിക്കുമുള്ള ഭൂമിക്കായി മുത്തങ്ങ വനത്തില്‍ പോരാടിയവര്‍, കുടുംബാംഗങ്ങള്‍, രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ കൺവെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഗോത്രമഹാസഭ ജനറല്‍ സെക്രട്ടറി പി.ജി. ജനാര്‍ദനന്‍, ആദി ജനസഭ ജനറല്‍ സെക്രട്ടറി സി.ജെ. തങ്കച്ചന്‍, ഗോത്രമഹാസഭ ജില്ല കമ്മിറ്റി അംഗങ്ങളായ എം. ഗോപാലന്‍, നന്ദകുമാര്‍ മരിയനാട്, ബാലന്‍ മരിയനാട്, ആദിവാസി-ദലിത് യുവജന കൂട്ടായ്മയായ ആദിശക്തി സമ്മര്‍ സ്‌കൂൾ ഭാരവാഹികളായ സതീശ്രീ ദ്രാവിഡ്, കെ.ആര്‍. രേഷ്മ എന്നിവര്‍ അറിയിച്ചു.
വനഭൂമിയില്‍ അവകാശം സ്ഥാപിച്ചവരെ കുടിയിറക്കിയ 2003 ഫെബ്രുവരി 19നും തുടര്‍ന്നുള്ള ദിവസങ്ങളിലും നിരവധി ആദിവാസികള്‍ ക്രൂരതക്കിരയായി. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വനം-പൊലീസ് കേസുകളില്‍ ഉള്‍പ്പെട്ടതില്‍ 35 പേര്‍ ഇതിനകം മരിച്ചു. കഴിഞ്ഞദിവസം ജില്ല സെഷന്‍സ് കോടതി തീര്‍പ്പാക്കിയ സി.ബി.ഐ കേസില്‍ മാത്രം പ്രതികളില്‍ 15 പേരാണ് മരിച്ചത്. ഇവരിൽ പലരും മാരകമായി പരിക്കേറ്റവരും മാനസികമായി തകർന്നവരും അംഗവൈകല്യം സംഭവിച്ചവരും ബലാത്സംഗത്തിന് ഇരയായവരും ആണ്. ഒരാളെ കാണാനില്ല. ആദിവാസികള്‍ നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷനായിരുന്ന നിര്‍മല ദേശ്പാണ്ഡെ ഉത്തരവായതാണ്. എന്നാല്‍ അന്വേഷണം ഉണ്ടായില്ല.
മുത്തങ്ങ വനത്തില്‍ കുടിയിറക്കിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന്‍ കെ.വി. വിനോദും ആദിവാസി ജോഗിയും ഒരേ സ്ഥലത്താണ് മരിച്ചത്. ജോഗിയുടെ മരണത്തില്‍ എഫ്.ഐ.ആര്‍ മാത്രമാണുള്ളത്. കുടുംബത്തിന് നീതി ലഭിക്കണം. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസില്‍ ഗോത്രമഹാസഭ പ്രതീക്ഷിച്ച വിധിയല്ല ഉണ്ടായത്. പൊലീസുകാരന്‍ വിനോദിന്റെ മരണം, പൊലീസുകാരന്‍ അബ്ദുസ്സലാം, വനം ജീവനക്കാരന്‍ ശശിധരന്‍ എന്നിവര്‍ക്കുണ്ടായ പരിക്ക് എന്നീ സംഭവങ്ങളാണ് കോടതി പരിഗണിച്ചത്. രണ്ട് സംഭവങ്ങളിലും മുഴുവന്‍ പ്രതികളെയും കുറ്റമുക്തരാക്കുമെന്നായിരുന്നു പ്രതീക്ഷ.
വിനോദ് മരിച്ച കേസില്‍ രണ്ടാംപ്രതി അശോകനെതിരെ തെളിവുണ്ടെന്ന കോടതി നിരീക്ഷണത്തോട് ഗോത്രമഹാസഭക്ക് യോജിപ്പില്ല. സമരഭൂമിയില്‍ ഉഭയകക്ഷി ചര്‍ച്ചക്ക് ശ്രമിച്ചത് അശോകനാണ്. ഇദ്ദേഹം മരിച്ചതുകൊണ്ടാണ് സംഭവത്തില്‍ കോടതി ശിക്ഷ വിധിക്കാത്തത്. എങ്കിലും അശോകന്‍ ഒഴികെ പ്രതികളെ കുറ്റമുക്തരാക്കിയത് സ്വാഗതാര്‍ഹമാണ്. സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ അടുത്തദിവസം അപ്പീല്‍ നല്‍കുമെന്നും ഗോത്രമഹാസഭ-ആദിശക്തി സമ്മര്‍ സ്‌കൂള്‍ ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.