സുൽത്താൻ ബത്തേരി: പാട്ടത്തിന് കൊടുത്ത് ഏറെ വിവാദമായ സുൽത്താൻ ബത്തേരിയിലെ സ്റ്റേഡിയം മുനിസിപ്പാലിറ്റി ഏറ്റെടുത്തു. ഇപ്പോൾ സ്റ്റേഡിയം മുനിസിപ്പാലിറ്റിയുടെ പൂർണ നിയന്ത്രണത്തിലാണെന്നും ഫുട്ബാൾ അക്കാദമിക്ക് താൽക്കാലികമായി ‘വാടക’ക്ക് കൊടുത്തിരിക്കുകയാണെന്നും മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. മേയ് 30 വരെയാണ് ഇപ്പോഴുള്ള താൽക്കാലിക വാടക കരാർ.
മുനിസിപ്പാലിറ്റിയിലെ മുൻ ഇടത് ഭരണസമിതിയായിരുന്നു 10 വർഷം മുമ്പ് മുനിസിപ്പൽ സ്റ്റേഡിയം അൽ ഇതിഹാദ് എന്ന സ്പോർട്ട്സ് അക്കാദമിക്ക് പാട്ടത്തിന് കൊടുത്തത്. ഇതോടെ സ്റ്റേഡിയത്തിലേക്ക് പൊതുജനങ്ങൾക്കോ പ്രദേശവാസികൾക്കോ പ്രവേശനം നിഷേധിക്കുന്ന സാഹചര്യമുണ്ടായി.
പാട്ടത്തിനെടുത്ത ക്ലബ് ഫുട്ബാൾ പരിശീലനമാണ് പ്രധാനമായി നടത്തിയിരുന്നത്. തെരഞ്ഞെടുത്ത കുട്ടികൾക്ക് മാത്രമായിരുന്നു ക്ലബിൽ പരിശീലനം. നിരവധി താരങ്ങളെ വളർത്തിയെടുക്കാൻ അവർക്ക് കഴിഞ്ഞു. അതേസമയം, പൊതുസ്റ്റേഡിയം അടച്ചിടുന്നത് ഏറെ ആക്ഷേപങ്ങൾക്കും ഇടയാക്കി. സുൽത്താൻ ബത്തേരിയുമായി ബന്ധപ്പെട്ട നിരവധി ഫുട്ബാൾ ടൂർണമെന്റുകൾ, സാംസ്കാരിക മേളകൾ എന്നിവയൊക്കെ സ്റ്റേഡിയത്തിന്റെ അഭാവത്തിൽ സുൽത്താൻ ബത്തേരിയിൽ നിന്ന് വിട്ടുപോകുന്ന സാഹചര്യമുണ്ടായി. സ്റ്റേഡിയത്തിന്റെ പൊതുവേയുള്ള വികസനവും ഇത് മുരടിപ്പിച്ചു. ഇത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ചയായി. ഭരണസമിതിയായ ഇടതുപക്ഷം പ്രതിരോധത്തിലാവുകയും ചെയ്തു. ഇടതു ഭരണസമിതി ചെയ്തതുപോലെ സ്റ്റേഡിയം ഒരിക്കലും ദീർഘകാല പാട്ടത്തിന് കൊടുക്കുന്ന രീതി യു.ഡി.എഫ് ഭരണസമിതി കൈക്കൊള്ളില്ലെന്ന് മുനിസിപ്പൽ വൈസ് പേഴ്സൻ എം.ജി. ഇന്ദ്രജിത്ത് പറഞ്ഞു.
സുൽത്താൻ ബത്തേരി ഫുട്ബാൾ അക്കാദമിയിലെ 180 ഓളം കുട്ടികൾ ഇപ്പോൾ പരിശീലനം നടത്തുന്നുണ്ട്. അവരുടെ പരിശീലനം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് മേയ് 30 വരെ വാടകക്ക് കൊടുത്തത്. അതിനുശേഷം സ്റ്റേഡിയം നവീകരണത്തിന് നടപടി സ്വീകരിക്കുമെന്നും വൈസ് പേഴ്സൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.