മാനന്തവാടി: മാനന്തവാടിയിൽ മെഡിക്കൽ കോളജിന് ആവശ്യമായ സ്ഥലം കണ്ടെത്തി നൽകാൻ നഗരസഭ തയാറാണെന്ന് ഭരണസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിഷയത്തിൽ പാരിസൺസ് എസ്റ്റേറ്റ് അധികൃതരുമായി ചർച്ച നടത്തിയിട്ടുണ്ട്. നഗരസഭ പരിധിയിലെ കല്ലിയോട്ട് കുന്നിൽ 25 ഏക്കർ സ്ഥലം വിട്ടുതരാൻ എസ്റ്റേറ്റ് മാനേജ്മെന്റ് തയാറാണ്. സ്ഥലത്തിന്റെ ആവശ്യകതയുടെ ഉത്തരവാദിത്തം നഗരസഭ ഏറ്റെടുക്കുകയാണ്. സ്ഥലവുമായി ബന്ധപ്പെട്ട വിഷയം മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ ബാധിക്കാൻ അനുവദിക്കില്ല. മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ കോളജ് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ മാനന്തവാടിയാണ് മെഡിക്കൽ കോളജിന് അനുയോജ്യമായ പ്രദേശം. ആസ്പിരേഷൻ ജില്ലയെന്ന പരിഗണനയിൽ മെഡിക്കൽ കോളജ് ആരംഭിക്കാൻ 20 ഏക്കർ സ്ഥലം മതിയെന്നാണ് നിബന്ധന. നിലവിൽ 10 ഏക്കറിനടുത്ത് സ്ഥലം മെഡിക്കൽ കോളജിനായുണ്ട്.
10 ഏക്കർ സൗകര്യപ്രദമായ സ്ഥലംകൂടി കണ്ടെത്താൻ കഴിയും. നഗരസഭ ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ നിലവിലെ കെട്ടിടം മെഡിക്കൽ കോളജിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ഹോസ്റ്റലിനായി നൽകാൻ തയാറാണ്. അമ്പുകുത്തിയിലെ സ്ഥലം വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷ. ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.വി.എസ്. മൂസ, ഷീജ ഫ്രാൻസിസ്, ഷിബു കെ. ജോർജ്, കൗൺസിലർമാരായ വി.യു. ജോയ്, പി.കെ. ഹംസ, സി. കുഞ്ഞബ്ദുള്ള, ലിസി ജോസ്, വി.പി. സബിത, കൗസല്യ അച്ചപ്പൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.