കുഴൽപണം പൊലീസ് തട്ടിയ കേസ്: വൈത്തിരി മുൻ എസ്.എച്ച്.ഒ ജയിലിൽ

കൽപറ്റ: ചുണ്ടേൽ സ്വദേശിയിൽനിന്ന് പിടികൂടിയ കുഴൽപണം പൂഴ്ത്തിയ കേസിലെ ഒന്നാംപ്രതിയായ വൈത്തിരി മുൻ എസ്.എച്ച്.ഒ സി.ആർ. അനിൽകുമാർ റിമാൻഡിലായി. ഹൈകോടതി അനുവദിച്ച മുൻകൂർജാമ്യം റദ്ദായതിനെത്തുടർന്ന് ഒളിവിൽപ്പോയ അനിൽകുമാർ കോടതിനിർദേശത്തെത്തുടർന്ന് ഞായറാഴ്ച വൈകീട്ട് കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിൽ കീഴടങ്ങുകയായിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റുരേഖപ്പെടുത്തി തിങ്കളാഴ്ച കൽപറ്റ കോടതിയിൽ ഹാജരാക്കി. കൽപറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പി. ഉബൈദുള്ളയാണ് മാർച്ച് 30 വരെ റിമാൻഡ് ചെയ്തത്. 2025 സെപ്റ്റംബർ 15ന് വൈത്തിരി ചുണ്ടേലിലായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം സ്വദേശികൾക്ക് കൈമാറാനായി ചുണ്ടേൽ സ്വദേശിയായ യുവാവ് കൊണ്ടുവന്ന 3,37,000 രൂപയാണ് പൊലീസ് പിടികൂടിയത്. പണം കൈപ്പറ്റാനെത്തിയ കൊണ്ടോട്ടി സ്വദേശിയെ പൊലീസ് മർദിച്ചതായി പരാതിയുണ്ടായിരുന്നു. ഇയാളുടെ മൊഴിപ്രകാരമായിരുന്നു കേസെടുത്തത്. വൈത്തിരി പൊലീസായിരുന്നു നേരത്തേ കേസ് രജിസ്റ്റർചെയ്തത്.

ഇൻസ്പെക്ടറായ അനിൽകുമാറും മറ്റ് പൊലീസുകാരും ചേർന്ന് പണം തട്ടിയെടുത്ത് പരാതിക്കാരനെ പൊലീസ് ജീപ്പിലും സുഹൃത്തുക്കളെ കാറിലും കയറ്റിക്കൊണ്ടുപോയി തേയിലത്തോട്ടത്തിന് സമീപംവച്ച് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. അന്നത്തെ കൽപറ്റ ഡിവൈ.എസ്.പി.യുടെ നിർദേശത്തെത്തുടർന്നായിരുന്നു വൈത്തിരി പൊലീസ് കേസെടുത്തത്.

കുഴൽപണം പിടിച്ചിട്ടും നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയോ രേഖകളിൽ ചേർക്കുകയോ ഉണ്ടായില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടരന്വേഷണത്തിൽ പൊലീസുകാരുടെ പേരിൽ കവർച്ചാശ്രമത്തിന് കേസെടുത്തു. പിന്നീട് അന്വേഷണം കോഴിക്കോട് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. കേസിൽ അനിൽകുമാറിനെ കൂടാതെ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, ബിനീഷ്, അബ്ദുൾ മജീദ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. നാലു പൊലീസ് ഉദ്യോഗസ്ഥരെയും അന്നത്തെ ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ റിപ്പോർട്ടുപ്രകാരം ഉത്തരമേഖല ഐ.ജി. രാജ്പാൽമീണ സസ്പെൻഡ് ചെയ്തിരുന്നു.

കുഴൽപണ ഇടപാട് നടക്കുന്നതായുള്ള വിവരം പൊലീസിനെ അറിയിക്കുകയും പിടികൂടിയ പണം പൂഴ്ത്തിവെക്കാൻ സഹായിക്കുകയും എസ്.എച്ച്.ഒ. സി.ആർ. അനിൽകുമാറിൽനിന്ന് പണം കൈപ്പറ്റുകയും ചെയ്തതായി കണ്ടെത്തിയ കോൺഗ്രസ് പ്രവർത്തകനായ വൈത്തിരി വട്ടവയൽ ആനോത്തുമീത്തൽ വീട്ടിൽ എം.എ. റിയാസിനെ (41) പൊലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.

Tags:    
News Summary - Police extortion case: Former SHO of Vythiri sent to jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.