ജലവിതരണം മുടങ്ങിയതോടെ വാഹനങ്ങളില്‍ വെള്ളമെത്തുന്നതും കാത്തിരിക്കുന്നവർ, ഇടഗുനിയിൽ നിന്നുള്ള ദൃശ്യം

കുടിവെള്ളമില്ലാതെ കല്‍പറ്റ നഗരം

കല്‍പറ്റ: കല്‍പറ്റ നഗരത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് എട്ട് ദിവസം. നഗരസഭ പരിധിയിൽ കുടിവെള്ളം മുടങ്ങിയതോടെ നാട്ടുകാരും ഹോട്ടലുകളും സ്ഥാപനങ്ങളും ദുരിതത്തിലായി. കാരാപ്പുഴ ജലസേചന പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് ജലവിതരണം മുടങ്ങയത്. ഇത് നന്നാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. കഴിഞ്ഞദിവസം പൈപ്പിന്റെ അറ്റകുറ്റപ്പണി തീര്‍ത്തെങ്കിലും മണിക്കൂറുകള്‍ക്കകം വീണ്ടും പൊട്ടിയതോടെ വിതരണം പൂർണമായി മുടങ്ങി. മുറിച്ച മരത്തിന്റെ അടിവേര് മണ്ണിൽനിന്ന് പൊങ്ങിയതിനെ തുടർന്ന് കാക്കവയല്‍ വാരിയാടിന് സമീപമാണ് പൈപ്പ് പൊട്ടിയത്. കുടിവെള്ള വിതരണം സാധാരണ രീതിയിലാകാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. നിലവില്‍ നഗരസഭയിലെ വിവിധ ഡിവിഷനുകളിലേക്ക് വാഹനങ്ങളിലാണ് കുടിവെള്ളം എത്തിക്കുന്നത്. എന്നാൽ, ഇത് താൽക്കാലിക ആശ്വാസം മാത്രമാണെന്നും വെള്ളത്തിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും നാട്ടുകാർ പറഞ്ഞു. ഒരാഴ്ച മുമ്പാണ് പൈപ്പ് പൊട്ടിയത്. ജല അതോറിറ്റി ജാഗ്രതയോടെ പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നം ഇത്രയും ദിവസം നീണ്ടുപോകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. പൈപ്പ് നന്നാക്കി കോണ്‍ക്രീറ്റ് ചെയ്യുന്ന പണിയാണ് നടക്കുന്നത്. പൈപ്പ് നന്നാക്കിയാലും കോണ്‍ക്രീറ്റ് പ്രവൃത്തികൂടി പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ ജലവിതരണം സാധ്യമാകൂ. കുടിവെള്ളം മുടങ്ങിയതോടെ നഗരസഭ കൗണ്‍സിലര്‍മാര്‍ ജല അതോറിറ്റി ഓഫിസിലെത്തി പ്രതിഷേധിച്ചിരുന്നു. അടിയന്തിരമായി ബദല്‍ സംവിധാനം ഒരുക്കണമെന്നും ജലഅതോറിറ്റി നിഷ്‌ക്രിയത്വം മാറ്റി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നുമായിരുന്നു ആവശ്യം.

സ്ഥാനാർഥിയുടെ നിരാഹാരം ഇന്ന്

നിയോജകമണ്ഡലം സി.പി.ഐ (എം.എല്‍) സ്ഥാനാര്‍ഥി എം. രാധാകൃഷ്ണന്‍ ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകീട്ടുവരെ ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് സത്യഗ്രഹം നടത്തും.

നഗരത്തില്‍ മുടങ്ങിയ ജലവിതരണം അടിയന്തിരമായി പുനഃസ്ഥാപിക്കുക, ജല അതോറിറ്റി ഗുണഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പ്രാദേശിക കുടിവെള്ള സ്രോതസ്സുകളായ നാലുകെട്ടുചോലയും ഇരുമ്പുപാലം പുഴയും സംരക്ഷിച്ച് കുടിവെള്ള പദ്ധതിക്ക് പ്രയോജനപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഒരാഴ്ചയായി ജലവിതരണം മുടങ്ങിയത് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടും ഉത്തരവാദപ്പെട്ടവര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

Tags:    
News Summary - Kalpetta city without drinking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.