മോഴയാനയെ കാപ്പിക്കാട് ഭാഗത്തുവെച്ച് മയക്കുവെടി വെച്ച് തളച്ചപ്പോൾ
ഗൂഡല്ലൂർ: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മോഴയാനയെ പന്തല്ലൂർ നീഡിൽ റോക്ക് കാപ്പിക്കാട് ഭാഗത്ത് വെച്ച് പിടികൂടി. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വെറ്ററിനറി ഡോക്ടർമാരായ വിജയരാഘവൻ, രാജേഷ് കുമാർ, എ.സി.എഫ് കറുപ്പയ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെച്ച് പിടികൂടിയത്. ഗൂഡല്ലൂർ ഡി.എഫ്.ഒ കൊമ്മു ഓംകാറിന്റെ നേതൃത്വത്തിൽ 60 അംഗ വനപാലക സംഘം കഴിഞ്ഞ 18 ദിവസമായി മോഴയാനയെ നിരീക്ഷിച്ചുവരുകയായിരുന്നു.
ദേവാല വാളവയൽ ഭാഗത്തെ പാപ്പാത്തി, പുളിയമ്പാറയിൽ വിറക് ശേഖരിക്കാൻ പോയ കല്യാണി എന്നിവരെ കൊലപ്പെടുത്തിയതോടെയാണ് ആനയെ പിടികൂടുന്ന ശ്രമം ഊർജിതമാക്കിയത്. മുതുമല കടുവ സങ്കേതം ആന ക്യാമ്പിലെ വസീം, വിജയ്, കൃഷ്ണ, സുജൈ എന്നീ താപ്പാനകളും പാപ്പാന്മാരുമാണ് മോഴയാനയെ കണ്ടെത്താനുള്ള നിരീക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അരിയും ഉപ്പും തിന്ന് രുചിയറിഞ്ഞ ആന വീടുകൾക്കുനേരെ മാത്രമായിരുന്നു ആക്രമണം നടത്തിയിരുന്നത്. ഇപ്പോൾ ജനങ്ങളുടെ ജീവന് ഭീഷണിയായപ്പോഴാണ് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. മൂന്ന് വർഷത്തിലധികമായി പന്തല്ലൂർ, ദേവാല, വാളവയൽ, പുളിയമ്പാറ, പാടന്തറ, ചെളുക്കാടി, കോൽകെട്ട്, ദേവർ ഷോല, നാടുകാണി തുടങ്ങിയ ഭാഗങ്ങളിൽ ആനയുടെ ശല്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.