സ്വകാര്യ സിലണ്ടറുകൾക്ക് അമിതവില
കൽപറ്റ: സിലിണ്ടറുകളുടെ ക്ഷാമവും അമിത വിലയും കാരണം ജില്ലയിലെ കൂടുതൽ ഹോട്ടലുകളും ബേക്കറികളും ചായക്കടകളും അടച്ചുപൂട്ടലിന് ഒരുങ്ങുന്നു. വിറക് ഉപയോഗിക്കാതെ പാചകവാതകത്തെ ആശ്രയിക്കുന്ന ഹോട്ടലുകൾക്ക് ആവശ്യമായ സിലണ്ടറുകൾ കിട്ടുന്നില്ല. കൂടാതെ സ്വകാര്യ സിലണ്ടറുകൾക്ക് അമിതവില നൽകി വാങ്ങേണ്ടിവരികയും ചെയ്യുന്നത് ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കുകയാണ്.
പലസ്ഥലങ്ങളിലും നാമമാത്രമായാണ് സർക്കാർ മേഖലയിലുള്ള സിലിണ്ടറുകളുടെ വിതരണം പോലും നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ബുക്ക് ചെയ്താൽ പോലും കിട്ടില്ല. വല്ലപ്പോഴുമാണ് സിലിണ്ടറുകളുടെ വിതരണം നടക്കുന്നത്. ഇരട്ടിവില നൽകിയാണ് പലസ്ഥാപനങ്ങളും സ്വകാര്യ സിലിണ്ടറുകൾ വാങ്ങിക്കുന്നത്. സിലിണ്ടർ പ്രതിസന്ധി കാരണം ഇതിനകം ജില്ലയിലെ നിരവധി ഹോട്ടലുകളും ബേക്കറികളും ചായക്കടകളും പൂട്ടി. സ്വകാര്യ കമ്പനികളിൽനിന്ന് ഇരട്ടി വിലക്ക് സിലിണ്ടർ വാങ്ങി പാചകം ചെയ്യുന്നത് വൻ നഷ്ടമുണ്ടാക്കുമെന്നത് കാരണം അടച്ചിടാനാണ് പല സ്ഥാപനങ്ങളും തീരുമാനിച്ചിരിക്കുന്നത്. അതിനിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോയത് കാരണം ഹോട്ടൽ മേഖല ഉൾപ്പെടെ തൊഴിലാളി ക്ഷാമവും നേരിടുന്നുണ്ട്.
കരിഞ്ചന്തയിൽ സിലിണ്ടറുകൾ വ്യാപകമെന്ന ആരോപണം ശക്തമായിട്ടും അധികൃതർക്ക് മൗനം. പേരിന് മാധ്യമങ്ങളിലൂടെ പ്രസ്താവന ഇറക്കുന്നതല്ലാതെ ശക്തമായ നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. കൃത്യമായ റെയ്ഡ് നടത്തിയാൽ അമിതവിലക്ക് സിലിണ്ടറുകൾ വിൽക്കുന്നത് കണ്ടെത്താനും പിടിച്ചെടുക്കാനും നടപടി സ്വീകരിക്കാനും കഴിയും. എന്നാൽ, ഇത്തരത്തിൽ പരിശോധനക്കുപോലും അധികൃതർ തയാറാകുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. സ്വകാര്യ കമ്പനിയുടെ വാണിജ്യ സിലിണ്ടറുകൾ ഇരട്ടിയോളം വിലക്കാണ് ഇപ്പോൾ കച്ചവടക്കാർക്ക് നൽകുന്നത്. 17 കിലോ സിലിണ്ടർ 3400 രൂപ വാങ്ങിയാണ് കച്ചവടക്കാർക്ക് നൽകുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. അവധിക്കാലത്ത് ചുരം കയറുന്ന സഞ്ചാരികളെ കാത്ത് നിരവധി സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, വൻതുക നൽകി സിലിണ്ടറുകൾ വാങ്ങി കച്ചവടം അസാധ്യമാണെന്ന് ഇവർ പറയുന്നു. പാചക വാതക ക്ഷാമം രൂക്ഷമായതോടെ വിറകിനും തീവിലയായിട്ടുണ്ട്.
എച്ച്.ആർ.എഫ്
സംസ്ഥാനത്തുടനീളം തെരുവോര കച്ചവടം നടത്തി ഉപജീവനമാർഗം തേടുന്ന ലക്ഷക്കണക്കിന് തെരുവ് കച്ചവടക്കാർക്ക് ഭരണകൂടങ്ങൾ സമ്പൂർണ സുരക്ഷ ഉറപ്പാക്കണമെന്ന് ഹ്യൂമൺ റൈറ്റ്സ് ഫെഡറേഷൻ ദേശീയ അധ്യക്ഷൻ രജ്ഞിത്ത് പി. ചാക്കോ ആവശ്യപ്പെട്ടു.
നിത്യവ്യത്തിക്ക് വെയിലും മഴയും അവഗണിച്ച് തെരുവോരങ്ങളിൽ കച്ചവടം നടത്തിവരുന്നവർ ഒട്ടെറെ ഭീഷണികൾ നേരിടുകയാണ്. വ്യാപാരികൾ, ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് അക്രമങ്ങൾ, കച്ചവട സാമഗ്രികൾ നശിപ്പിക്കൽ തുടങ്ങി ഒട്ടേറെ പ്രയാസങ്ങൾ നേരിട്ടുവരികയാണ്. പല ഭാഗങ്ങളിലും തെരുവ് കച്ചവടക്കാരെ കായികമായും ചില കേന്ദ്രങ്ങൾ നേരിടുന്നു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വി.കെ. രാമചന്ദ്രൻ, വനിതാവിങ് സംസ്ഥാന പ്രസിഡന്റ് സിനിമോൾ സന്തോഷ്, സെക്രട്ടറി ലിസിടോമി, കോഴിക്കോട് ജില്ല പ്രസിഡന്റ് സാബിറ, അബൂബക്കർ കുറ്റ്യാടി, സുജിത്ത്, ഉസ്മാൻ അഞ്ചുകുന്ന്, ഷബീബ്, റസാഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.