മുസ്ലിം ലീഗിന്റെ ഉരുൾദുരന്ത പുനരധിവാസ വീടുകളുടെ ഗുണഭോക്തൃ നറുക്കെടുപ്പ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാമിന്റെ നേതൃത്വത്തിൽ നിർവഹിക്കുന്നു (ഫയൽ ചിത്രം)
തേയിലക്കുന്നുകള്‍ക്കിടയിലെ സുന്ദര ഗ്രാമമായിരുന്നു മുണ്ടക്കൈയും പുഞ്ചിരിമട്ടവുമെല്ലാം. ചൂരൽമലയിലെ പാലം കടന്നാൽ കാഴ്ചകൾക്ക് മതിവരാതെ ഉച്ചനേരത്തുപോലും കോടമഞ്ഞ് പെയ്യുന്ന, വൈകുന്നേരമാകുമ്പോഴേക്കും ഇരുട്ടിത്തുടങ്ങുന്ന പച്ചപ്പാർന്നയിടം. മതത്തിനും രാഷ്ട്രീയത്തിനും സമ്പത്തിനുമെല്ലാം അപ്പുറത്ത് സ്നേഹത്തിന്റെ ഭാഷ സംസാരിക്കുന്ന നാട്ടുകാർ. എന്തിനും ഏതിനും ഒന്നിച്ചൊന്നാവുന്ന നാട് ഇല്ലാതായതും ഒറ്റ രാത്രികൊണ്ട്. തേയിലത്തോട്ടങ്ങളും കുന്നുകളും മലകളും പുഴയും ഒപ്പം നിറയെ സ്നേഹവുമുള്ള കുറേ മനുഷ്യർ വസിച്ച മുണ്ടക്കൈയെകുറിച്ച് പറയാൻ എല്ലാവർക്കും നൂറ് നാവായിരുന്നു.
ചൂരല്‍മല പാലം കടന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ അട്ടമലയും വലത്തോട്ട് തിരിഞ്ഞാല്‍ മുണ്ടക്കൈയിലേക്കുമാണ് എത്തുക. തേയിലത്തോട്ടത്തിലെ തൊഴിലാളികളും കുടിയേറ്റ കർഷകരുമെല്ലാം പരസ്പരം കൊണ്ടും കൊടുത്തും സ്നേഹിച്ചും സഹായിച്ചുമൊക്കെ ജീവിക്കുന്ന സാധാരണക്കാരുടെ ഗ്രാമം. അധ്വാനത്തിന്റെയും സന്തോഷത്തിന്റെയും സ്വപ്നങ്ങളുടെയും ഭൂമി 2024 ജൂലൈ 30ന്റെ ഇരുണ്ട ഒറ്റ രാത്രികൊണ്ട് അവസാനിച്ചു. കനത്ത മഴയുടെ തണുപ്പിൽ ഒന്നായി ഉറങ്ങാൻ കിടന്നവർ നാടിനെ കശക്കിയെറിഞ്ഞ ദുരന്തത്തിൽ ഒന്നായിതന്നെ ഒലിച്ചു പോയി. തലേന്നുവരെ അതിമനോഹരമായിരുന്ന രണ്ടു ഗ്രാമങ്ങളെയാണ് ഇരച്ചെത്തിയ കൂറ്റൻ പാറകളും ചളിയും മരങ്ങളും വെള്ളവുമെല്ലാം ഒന്നടങ്കം തുടച്ചുനീക്കിത്. ഉറങ്ങിക്കിടക്കുകയായിരുന്ന പലരും ഞെട്ടിയുണർന്നപ്പോൾ കഴുത്തറ്റം ചളിയിൽ മുങ്ങിയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കും മുന്‍പേ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടു. വെള്ളത്തിലും ചളിയിലും മുങ്ങി, ജീവനില്ലാത്ത അനേകം ശരീരങ്ങൾ കിലോമീറ്ററുകൾ അപ്പുറത്തുള്ള ചാലിയാർ പുഴവരെ ഒഴുകിയെത്തി. അവയിൽ പലതും ചിതറിയ ദേഹഭാഗങ്ങളായിരുന്നു. ഉറ്റവരാരും അവശേഷിക്കാതെ 58 കുടുംബങ്ങൾ ദുരന്തത്തിൽ പൂർണമായും ഇല്ലാതായെന്ന് അറിയുമ്പോൾ തന്നെ പ്രകൃതിക്കലിയുടെ ഭീകരത ഊഹിക്കാവുന്നതേയുള്ളൂ. അന്ന് നേരം വെളുത്തപ്പോള്‍ ആർത്തലച്ചൊഴുകുന്ന മലവെള്ളപ്പാച്ചിലും ആനയേക്കാൾ വലിപ്പമുള്ള പാറകളും ചളിക്കൂമ്പാരങ്ങളും കെട്ടിടാവശിഷ്ടങ്ങളും മാത്രമായിരുന്നു ആ ദേശത്ത് ദൃശ്യമായത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുള്‍ദുരന്തത്തിന് 20 മാസം പിന്നിടുമ്പോൾ ദുരിതങ്ങളുടെ കണ്ണീര്‍ക്കയങ്ങളില്‍ നിന്ന് കരകയറി അതിജീവനത്തിന്റെ പാതയിലാണ് ബാക്കിയായവർ. ദുരന്തബാധിതരെ ചേർത്തുനിർത്താൻ സർക്കാരും സന്നദ്ധ സംഘടനകളുമെല്ലാം അഹോരാത്രം പ്രവർത്തിച്ചു. താൽകാലിക പുനരധിവാസത്തിനും സ്ഥിരം പുനരധിവാസ പദ്ധതികൾക്കുമെല്ലാം ലോകമൊന്നാകെ കൈകോർത്തു. തുടക്കം മുതൽ മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ സജീവമായി രംഗത്തിറങ്ങി. എല്ലാം തകര്ന്നടിഞ്ഞുപോയെന്ന് കരുതിയിടത്തുനിന്ന് ദുരന്തബാധിതർ പ്രതീക്ഷയുടെ പുതിയ വെളിച്ചം കണ്ടു.
മഴയും വെയിലുമേല്‍ക്കാതെ കയറിക്കിടക്കാനൊരു ഇടമായിരുന്നു അവർക്ക് പ്രഥമമായി വേണ്ടിയിരുന്നത്. അതിനുള്ള പദ്ധതികൾക്കാണ് സർക്കാറും മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളും മുൻഗണന നൽകിയത്. അതിജീവനത്തിന്റെ പാതയിൽ മുന്നേറാനുള്ള കരുത്തും ഊർജവും നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ദുരന്തബാധിതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.