പ്രതീകാത്മക ചിത്രം
കൽപറ്റ: വയനാട്ടിലേക്കുള്ള ബദൽപാത കൂടിയായ ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപ്പാതയുടെ നിർമാണ പ്രവൃത്തിയിൽ മറ്റൊരു നാഴികക്കല്ല് കൂടി. പാതയുടെ ഭാഗമായ പാറ തുരക്കൽ പ്രവൃത്തി വെള്ളിയാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി സമീപനപാത ഉൾപ്പെടെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് പദ്ധതി. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡുമായാണ് (എസ്എച്ച്-59) തുരങ്കപാതയെ ബന്ധിപ്പിക്കുക. മറിപ്പുഴ-മുത്തപ്പൻപുഴ-ആനക്കാംപൊയിൽ റോഡുമായാണ് കോഴിക്കോട് ജില്ലയിൽ ബന്ധിപ്പിക്കുന്നത്. തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലേക്ക് മലയോര ഹൈവേയിൽനിന്ന് 10 കിലോമീറ്റർ മാത്രമാണ് ദൂരം.
പദ്ധതിക്കായുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് കഴിഞ്ഞയാഴ്ചയാണു ലഭ്യമായത്. ഇതോടെ തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ അനുമതിയും ലഭിച്ചുകഴിഞ്ഞു. ആനക്കാംപൊയിൽ ഭാഗത്തു അനുബന്ധ റോഡ് പ്രവൃത്തി ഏകദേശം പൂർത്തിയായിട്ടുണ്ട്. മേപ്പാടി ഭാഗത്ത് പ്രവൃത്തി പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ ആർച്ച് സ്റ്റീൽ പാലം പ്രവൃത്തിയും തുടരുകയാണ്.
പാറ തുളയ്ക്കുന്നതിനുള്ള ഭീമൻ യന്ത്രം നേരത്തെ മേപ്പാടിയിൽ എത്തിച്ചിരുന്നു. സാൻഡ് വിക് കമ്പനിയുടെ സർഫസ് ടോപ്പ് ഹാമർ ഡ്രിൽ റിഗ്ഗർ യന്ത്രമാണു വയനാട്ടിലെത്തിയത്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതിനു കൃത്യമായ സുഷിരങ്ങൾ ഉണ്ടാക്കാനാണ് യന്ത്രങ്ങൾ ഉപയോഗിക്കുക. വെള്ളിയാഴ്ച നടക്കുന്ന പാറതുരക്കൽ ഉദ്ഘാടനച്ചടങ്ങിന് മാധ്യമപ്രവർത്തകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെ 100 പേർക്കു മാത്രമാണ് പ്രവേശനം. അപകടസാധ്യത മുൻനിർത്തി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. ബാക്കി മുഴുവനാളുകൾക്കും പാറപൊട്ടിക്കൽ, അനുബന്ധ പരിപാടികൾ എന്നിവ കാണുന്നതിന് ആനക്കാംപൊയിൽ സ്കൂളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
തുരങ്കപാത യാഥാർഥ്യമാകുന്നതോടെ മലബാറിന്റെതന്നെ വികസനക്കുതിപ്പിനാകും നാഴികക്കല്ലാകുക. കഴിഞ്ഞ ആഗസ്റ്റ് 31ന് ആനക്കാംപൊയിലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ നിർമാണപ്രവൃത്തി ഉദ്ഘാടനംചെയ്തത്.
പദ്ധതി യാഥാർഥ്യമായാൽ ആനക്കാംപൊയിലിൽനിന്ന് കേവലം 22 കിലോമീറ്റർകൊണ്ട് മേപ്പാടിയിലെത്താനാനാകും. പശ്ചിമഘട്ടത്തിലെ മലമ്പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത് എന്നതിനാൽ പാരിസ്ഥിതികമായ നിരവധി പ്രശ്നങ്ങൾ തുരങ്കപാത സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽനിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം.
പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്. തുരങ്കപാതയുടെ നിർമാണക്കരാർ ഭോപാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്‌കോൺ കമ്പനിക്കും മറിപ്പുഴയിൽ ഇരുവഞ്ഞിപ്പുഴയ്ക്കുകുറുകെ നിർമിക്കുന്ന നാലുവരി ആർച്ച് സ്റ്റീൽ പാലത്തിന്റെ കരാർ പുനിയ കൺസ്ട്രക്‌ഷൻ കമ്പനിക്കുമാണ്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.