പുളിയമ്പാറ കല്ലികൊല്ലിയിൽ വീട്ടുമുറ്റത്തെത്തിയ കൊമ്പൻ

നിർമിത ബുദ്ധി സഹായത്തോടെ പ്രവർത്തിക്കുന്ന വന്യമൃഗ നിരീക്ഷണ കേന്ദ്രം പരാജയം

ഗൂഡല്ലൂർ: നാടുകാണി ജീൻപൂൾ ഗാർഡനിൽ നിർമിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യയോടെ ഏർപ്പെടുത്തിയ വന്യമൃഗ നിരീക്ഷണ കേന്ദ്രം പരാജയമെന്ന് വിലയിരുത്തൽ. കേന്ദ്രത്തിന്റെ പരിധിയിൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിന്റെ മിക്കഭാഗങ്ങളും ഉൾപ്പെടുമെന്നും കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നത് കണ്ടറിഞ്ഞ് ബന്ധപ്പെട്ട മേഖലയിലെ വനപാലകർക്ക് വിവരം നൽകുമെന്നും കേന്ദ്രം ഉദ്ഘാടനം ചെയ്ത ശേഷം വനംവകുപ്പ് ഉന്നത അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് പരാജയമാണെന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞദിവസം പാക്കണയിൽ മിസ്ബഹിന്റെ ജീവൻ നഷ്ടപ്പെട്ടത് വീടിന് സമീപത്തുവെച്ച് രാത്രി 7.30നാണ്. ഈ ആന ഇറങ്ങുന്നതുപോലും നിരീക്ഷണ കേന്ദ്രത്തിലെ എ.ഐ കാമറകൾക്ക് കണ്ടെത്താൻ കഴിയാതെവരികയായിരുന്നു. ഒരുമാസത്തിനിടെ അഞ്ചുപേർ കാട്ടാന ആക്രമണത്തിൽ മരിച്ചു. അയ്യങ്കൊല്ലിക്കടുത്ത് ഉന്നതിയിലെ ചെമ്പൻ, ദേവാലഹട്ടിയിലെ മീനാക്ഷി, ആറാട്ടുപാറയിൽ രവി, മസിനഗുഡിയിൽ മാധൻ, ചൊവ്വാഴ്ച മിസ്ഹാബ് എന്നിവരാണ് മരിച്ചത്. നാടുകാണി ജീൻ പുൾ ഗാർഡനിൽ ആറുകോടി രൂപ ചെലവിലാണ് നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന കൺട്രോൾ സെന്റർ തുടങ്ങിയത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിച്ച് രാത്രിയും പകലും നിരീക്ഷണം നടത്തി കാട്ടാനകൾ കാടിറങ്ങിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് വിവരം നൽകി ഇവരെ തുരത്തുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാൽ, സ്റ്റേഷൻ സ്ഥാപിച്ചതിന് ശേഷം ഈ പ്രദേശങ്ങളിലായി എട്ടുപേർ കാട്ടാന ആക്രമണത്തിൽ മരിച്ചു. ഈ സിസ്റ്റം പരാജയമാണെന്ന് വനം വകുപ്പിലെ ജീവനക്കാർ തന്നെ സമ്മതിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറിന് പുളിയമ്പാറ കല്ലികൊല്ലിയിൽ വീട്ടുമുറ്റത്തെത്തിയ കൊമ്പന്റെ മുന്നിൽനിന്ന് തേയില നുള്ളുന്ന സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. തേയിലച്ചാക്ക് തലയിൽ ചുമന്ന് വീടിനുമുന്നിൽ കൊണ്ടിടാൻ പോകുന്ന സമയത്താണ് ആനയെ കണ്ട് ഇവർ ഇറങ്ങിയോടിയത്. ശനിയാഴ്ച രാത്രി സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങവെ ദേവൻ എസ്റ്റേറ്റ് രണ്ടിലെ രണ്ടുപേരെയും ആന വിരട്ടിയോടിച്ചിരുന്നു ഒരാൾക്ക് ഗുരുതര പരിക്കേറ്റു. രണ്ടാമത്തെയാൾ ഓടിരക്ഷപ്പെട്ടു. അരവിന്ദ് എന്നയാളെ ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - AI-powered wildlife monitoring center is a failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.