തിരുവനനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നവംബർ അഞ്ചിന് നടക്കും. സർക്കാറും അദാനി പോർട്സും തമ്മിലെ സപ്ലിമെന്ററി കൺസഷൻ കരാർ പ്രകാരം തുറമുഖത്തിന്റെ രണ്ട് മുതൽ നാലുവരെ ഘട്ടങ്ങളുടെ നിർമാണം ഒരുമിച്ചാണ് നടത്തുക. 2028 ഡിസംബറോടെ എല്ലാഘട്ടവും പൂർത്തിയാക്കാനും ലക്ഷ്യമിടുന്നു.
രണ്ടാംഘട്ടം മുതലുള്ള നിർമാണത്തിന് പാരിസ്ഥിതിക അനുമതി കഴിഞ്ഞ മാർച്ചിൽ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നു ലഭിച്ചിട്ടുണ്ട്. തുടർഘട്ടങ്ങൾകൂടി പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ സ്ഥാപിതശേഷി പ്രതിവർഷം 30 ലക്ഷത്തിലധികം ടി.ഇ.യു ആയി ഉയരും. 9500 കോടിയാണ് ഇനിയുള്ള നിർമാണപ്രവർത്തനങ്ങളുടെ ചെലവ് കണക്കാക്കുന്നത്.
2024 ഡിസംബറിലാണ് വാണിജ്യ അടിസ്ഥാനത്തിൽ തുറമുഖം പ്രവർത്തനം തുടങ്ങിയത്. 500 ലധികം കപ്പലുകൾ ഇതിനകം ഇവിടെ എത്തി മടങ്ങിയിട്ടുണ്ട്. തുറമുഖത്തെ എൻ.എച്ച് 66 ഉം ആയി ബന്ധിപ്പിക്കുന്ന 1.7 കി.മീ നീളമുള്ള അപ്രോച്ച് റോഡിന്റെ നിർമാണം അവസാനഘട്ടത്തിലെത്തി. കൺസഷൻ കരാർ പ്രകാരം തുറമുഖത്തെ ചരക്ക് നീക്കത്തിൽ നിർണായകമായ റെയിൽ കണക്ടിവിറ്റി സജ്ജമാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണ്.
കരാർ പ്രകാരം 2028 ഡിസംബറിനുള്ളിൽ ഇത് സ്ഥാപിക്കണം. കൊങ്കൺ റെയിൽ കോർപറേഷൻ ലിമിറ്റഡിനെയാണ് റെയിൽപ്പാത സ്ഥാപിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവർ തയാറാക്കിയ ഡി.പി.ആറിന് ദക്ഷിണ റെയിൽവേയുടെ അംഗീകാരം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.