വെള്ളറട: ഇഴജന്തുക്കള്‍ക്ക് താവളമായി വെള്ളറട ആനപ്പാറയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സ്. ആനപ്പാറയില്‍ ആഭ്യന്തര വകുപ്പിന്റെ രണ്ടേക്കറോളം വരുന്ന ഭൂമിയില്‍ 1976 ലാണ് വെള്ളറട പോലീസിനു വേണ്ടി 26 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ 13 ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിച്ചത്. എന്നാല്‍ മന്ദിരങ്ങള്‍ ഇന്ന് ഇഴജന്തുക്കളുടെ താവളമാണ്. എസ്.ഐക്ക് ഒറ്റവീടും പോലീസുകാര്‍ക്ക് രണ്ട് കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ഒരുവീടുമെന്ന രീതിയിലാണ് നിര്‍മാണം നടത്തിയത്.
ഇതില്‍ രണ്ടു വീടൊഴിച്ച് ബാക്കിയിടങ്ങളില്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആരും താമസിക്കാനെത്തിയിരുന്നില്ല. മഴക്കാലത്ത് തട്ടിലൂടെ വെള്ളമൊഴുകി ചുവരുകള്‍ മുഴുവന്‍ ജീര്‍ണിച്ചു. വാതിലുകളും ജനാലകളും തകര്‍ന്നു. കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴാറായി. പരിസരമാകെ കാടുകയറി തെരുവു നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ആവാസകേന്ദ്രമായി.
ആദ്യകാലത്ത് ചില ക്വാര്‍ട്ടേഴ്‌സുകളില്‍ എസ്.ഐ ഉള്‍പ്പെടെയുള്ള ചില ജീവനക്കാര്‍ താമസിച്ചെങ്കിലും പിന്നീട് ചോര്‍ച്ചയും കെട്ടിടത്തിനുള്ളിലെ സൗകര്യക്കുറവും ആരോപിച്ച് താമസിച്ചിരുന്നവര്‍ മാറിപ്പോയി. വീണ്ടും ഫണ്ടനുവദിച്ച് ചോര്‍ച്ച അടച്ചെങ്കിലും ക്വാര്‍ട്ടേഴ്‌സിലെ കുടിവെള്ളവിതരണം കാര്യക്ഷമമായില്ല.
പിന്നീട് ഇതിനടുത്തായി പുതിയ ഇരുനിലക്കെട്ടിടം നിര്‍മിച്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും സബ് ഇന്‍സ്‌പെക്ടര്‍ക്കും താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സാക്കി മാറ്റി. ആര്‍ക്കും വേണ്ടാതെകിടക്കുന്ന ഈ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നവീകരിക്കുകയോ പരിസരം വൃത്തിയാക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കാറ്റിലും മഴയത്തും സമീപത്തെ മരങ്ങള്‍ മറിഞ്ഞു വീഴാവുന്ന നിലയിലാണ്. മുമ്പ് തുറന്നുകിടന്ന ക്വാര്‍ട്ടേഴ്‌സിനകത്ത് വൃദ്ധന്റെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.