തിരുവനന്തപുരം: കേരളത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ ഭൂപടത്തിൽ സവിശേഷ സ്ഥാനമുള്ള വർക്കല കുന്നുകൾക്ക് ആഗോള അംഗീകാരത്തിലേക്ക് വഴിതുറക്കുന്നു. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ കരട് പട്ടികയിൽ വർക്കലയിലെ ലാറ്ററൈറ്റ് കുന്നുകൾ ഇടംപിടിച്ചു. ഇന്ത്യ ഈവർഷം സമർപ്പിച്ച ഏഴ് പുതിയ കേന്ദ്രങ്ങളുടെ പട്ടികയിലാണ് വർക്കലയും ഉൾപ്പെട്ടിരിക്കുന്നത്. ഇത് ലോക പൈതൃക പട്ടികയിലേക്കുള്ള ആദ്യപടിയാണ്.
കേരളത്തിന്റെ തീരദേശത്തെ മറ്റു പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായി, അറബിക്കടലിനോട് ചേർന്ന് ചെങ്കൽ കുന്നുകൾ രൂപപ്പെട്ടിട്ടുള്ള ഏക സ്ഥലമാണ് വർക്കല. സെനോസോയിക് കാലഘട്ടത്തിലെ അവസാദ ശിലകളുടെ അതുല്യമായ ശേഖരമാണ് ഈ കുന്നുകൾ. ദശലക്ഷക്കണക്കിന് വർഷങ്ങളുടെ ഭൂമിശാസ്ത്രപരമായ പരിണാമങ്ങളുടെ അടയാളങ്ങൾ ഇവിടെ ദൃശ്യമാണ്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഒരു ദേശീയ ഭൗമശാസ്ത്ര സ്മാരകമായി അംഗീകരിച്ചിട്ടുള്ള പ്രദേശമാണിത്.കുന്നുകളിൽനിന്ന് ഊർന്നിറങ്ങുന്ന ശുദ്ധജല ഉറവകളും പാപനാശംതീരവും പുരാതനമായ ജനാർദ്ദനസ്വാമി ക്ഷേത്രത്തിന്റെ സാമീപ്യവും വർക്കലയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കൊപ്പം സാംസ്കാരികവും ആത്മീയവുമായ പൈതൃകമാണ് വർക്കലയെ കരട് പട്ടികയിൽ ഇടം നേടാൻ സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.