തിരുവനന്തപുരം: തലസ്ഥാനത്തിന് ബജറ്റിൽ പുതിയ പദ്ധതികളില്ല. പ്രഖ്യാപിച്ചതിൽ പലതും, പഴയതും അഥവാ പഴയപദ്ധതികളുടെ തുടർച്ചയും. ഇതിൽ തുക വകയിരു ത്തിയില്ലെങ്കിലും തിരുവനന്തപുരം മെട്രോ റെയിലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ 2025-26 ൽ തുടങ്ങുമെന്നും വിഴിഞ്ഞം തുറമുഖത്തോടനുനുബന്ധിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് വ്യാപാര വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള ബിസിനസ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 100 ഏക്കർ ഭൂമി വികസിപ്പിക്കുമെന്നുളള പ്രഖ്യാപനവും ഉണ്ടായി. ഗണിത പഠനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയങ്ങളിലെ മൂന്നാം ക്ലാസ് വിദ്യാർഥികൾക്കായി നടപ്പാക്കുന്ന മഞ്ചാടി പദ്ധതി ജില്ലയിലെ 10 സ്കൂളുകളിൽ നടപ്പാക്കും.
പത്തുകോടി ഉൾപ്പെടുത്തിയിട്ടുള്ള നൈറ്റ് ലൈഫ് പദ്ധതിയിൽ തലസ്ഥാനവും ഉൾപ്പെടുമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി. പുതിയ പ്രഖ്യാപനങ്ങളിൽ കാട്ടാക്കട, നെട്ടുകാൽത്തേരിയിൽ പുതിയ കാലിത്തീറ്റ ഫാം വരുന്നതാണ് ഏടുത്തുപറയാവുന്ന ഒന്ന്. ഇതിലേക്ക് 10 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചത്.
ആറ്റിങ്ങൽ മംഗലാപുരത്ത് പ്രവർത്തിക്കുന്ന ഡിജിറ്റൽ സയൻസ് പാർക്കിന് 212 കോടിയും വലിയതുറ ഉൾപ്പടെ രണ്ട് കടൽപ്പാലങ്ങളുടെ നവീകരണത്തിന് 20 കോടിയും വട്ടിയൂർക്കാവ് ജങ്ഷൻ വികസനത്തിനും കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പുനരധിവാസത്തിനുമായി ട്രിഡക്ക് ഏഴുകോടിയും ബജറ്റിൽ വകയിരുത്തി.
പൊൻമുടിയിൽ റോപ്വേ സ്ഥാപിക്കാൻ സാധ്യത പഠനത്തിനായി 50 ലക്ഷം, കഴക്കൂട്ടം ടെക്നോപാർക്ക് വികസനത്തിന് 21 കോടി, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഹാർട്ട് ഫൗണ്ടേഷന്റെ കാത്ത് ലാബിന് 10 കോടി, കേരള സർവകലാശാലക്ക് സിന്തറ്റിക് ട്രാക്ക് നിർമിക്കാൻ അഞ്ചുകോടി, പാളയത്തെ അയ്യങ്കാളി ഹാൾ നവീകരണത്തിന് ഒരുകോടി എന്നിവയും നീക്കിവെച്ചു.
എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ നവീകരണത്തിന് 266.30 കോടിയും ഇൻസ്റ്റിട്ട്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് 50 കോടിയും വകയിരുത്തി. കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയുടെ എൻ.എ.ബി.എൽ അക്രഡിറ്റേഷനും ഐ.എസ്.ഒ സർട്ടഫിക്കേഷനും പുതിയ കെട്ടിടത്തിനുമായി അഞ്ചുകോടിയും, കേരള സ്പെയ്സ് പാർക്ക് വികസനത്തിന് നബാർഡ് വായ്പ ഉൾപ്പടെ 52.50 കോടിയും നീക്കിവെച്ചു.
കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിന്റെ വികസനത്തിന് രണ്ട് കോടിയും ആർ.സി.സിക്ക് 75 കോടിയും നഗരത്തിലെ തെരുവുകൾ ചിത്രങ്ങളാൽ അലങ്കരിക്കുന്ന ആർട്ടീരിയ പദ്ധതി മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ രണ്ടുകോടിയും കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് 19.50 കോടിയും കിൻഫ്രക്ക് 346.31 കോടിയും നീക്കിവെച്ചു.
കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് 13 കോടിയും എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്ക് 8.58 കോടിയും സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് 29.30 കോടിയും ഇ- ടിക്കറ്റിങ് സംവിധാനം ഏർപ്പെടുത്തുന്നതിന് സംസ്ഥാന ചലചിത്ര വികസന കോർപറേഷന് രണ്ടുകോടിയും ഓൺലൈൻ പരീക്ഷ നടത്തിപ്പ് വിപുലീകരിക്കുന്നതിന് പി.എസ്.സിക്ക് 1.38 കോടിയും വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.