തിരുവനന്തപുരം: ഇല്ലാത്ത അന്വേഷണ റിപ്പോർട്ടിന്മേൽ സ്ഥലംമാറ്റിയ ജീവനക്കാരൻ സ്വന്തംനാട്ടിലേക്ക് മടങ്ങിവരാൻ വനംവകുപ്പിന് നൽകിയ അപേക്ഷ പരിഗണിക്കുന്നില്ലെന്ന് പരാതി.
തിരുവനന്തപുരം സോഷ്യൽ ഫോറസ്ട്രിയിൽനിന്ന് കൊല്ലത്തേക്ക് സ്ഥലം മാറ്റിയ സെക്ഷൻ ഫോറസ്റ്റ് ഓഫിസറാണ് പെൻഷനാകാൻ മൂന്നുമാസം മാത്രം ശേഷിക്കെ അപേക്ഷ നൽകി കാത്തിരിക്കുന്നത്. വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദത്തിന് വഴങ്ങി റേഞ്ച് ഓഫിസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ആരോപണം.
എന്നാൽ ആരോപിച്ച പരാതികളിൽ കഴമ്പില്ലെന്ന് വിജിലൻസ് വിഭാഗം കണ്ടെത്തി യിട്ടും ഏകപക്ഷീയ നടപടിയാണ് ഓഫിസർക്കെതിരെ ഉണ്ടായതെന്നാണ് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്. മേലുദ്യോഗസ്ഥർ പറയുംപോലെ ഏകപക്ഷീയമായി അന്വേഷണം നടത്തി അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്യുന്ന ആളാണ് ഈ റേഞ്ച് ഓഫിസറെന്നും ഇദ്ദേഹം വകുപ്പിലെ ചില മേലുദ്യോഗസ്ഥരുടെ ചട്ടുകമാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. പരാതികൾ റേഞ്ച് ഓഫിസർ നിഷ്പക്ഷമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാറില്ല.
മേയിൽ വിരമിക്കുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫിസർക്ക് സ്വദേശമായ തിരുവനന്തപുരത്തേക്ക് മാറ്റം നൽകുന്നില്ല. നിരവധി തവണ അപേക്ഷ നൽകിയെങ്കിലും മനഃപൂർവം പരിഗണിക്കുന്നില്ല. എന്നാൽ ജൂനിയർ ആയിട്ടുള്ളവർക്കും 15 കി.മീ ചുറ്റളവിൽ ജോലി നോക്കുന്നവർക്കും മൂന്നുവർഷം തികയാത്തവർക്കും ഈ അടുത്തിടെ സ്ഥാനക്കയറ്റം ലഭിച്ചവർക്കും കഴിഞ്ഞ മൂന്നുമാസത്തിനിടെ അഞ്ച് ഉത്തരവുകൾ ഇറക്കി സ്ഥലമാറ്റം നൽകിയെന്നും സംഘടന ആരോപിക്കുന്നു.
എന്നാൽ ഏറ്റവും ഒടുവിൽ ഈ ഉദ്യോഗസ്ഥനെ ഉൾപ്പെടുത്തി ഒരുസ്ഥലമാറ്റ ഉത്തരവ് ഇറങ്ങിയെങ്കിലും ഒരുകൂട്ടം ഉദ്യോഗസ്ഥർ വനംആസ്ഥാനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിൽനിന്ന് മരവിപ്പിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫിസറെ മാത്രം ക്രൂശിക്കുന്നത് മനഃപൂർവമാണെന്നാണ് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.