പ്രവേശനോത്സവ ഗാനത്തിന്‍റെ റെക്കോർഡിങ്ങിനിടെ വിദ്യാർഥികൾ

'പേനത്തുമ്പിൽ തുമ്പികൾ പാറുന്നേ...'; പ്രവേശനഗാനത്തിൽ ഇവർക്കുമുണ്ട് സന്തോഷം

തിരുവനന്തപുരം: സ്കൂൾ തുറക്കലിന്‍റെ ആഹ്ലാദാരവങ്ങൾ തുടിക്കുന്ന വരികൾ പ്രവേശനോത്സവത്തിന് ആവേശമാകുമ്പോൾ ശബ്ദം കൊണ്ട് ഭാഗമാകാനായതിന്‍റെ സന്തോഷവുമായാണ് ഈ അഞ്ചുപേർ സ്കൂളിലേക്ക് പോകുന്നത്. ഗായിക സിതാര ആലപിച്ച ഗാനത്തിന് കോറസ് പാടിയത് കാട്ടാക്കട കുളത്തുമ്മൽ ഹയർസെക്കൻഡറി സ്കൂളിലെ അദ്വൈത്, ആരഭി, അഭേരി, അഖില പ്രസാദ് എന്നിവരും പി.ആർ വില്യംസ് സ്കൂളിലെ ശ്രീശാലുമാണ്.

മഹാമാരിയെ അതിജീവിച്ച് അക്ഷരമുറ്റങ്ങൾ സജീവമാകുമ്പോൾ സ്കൂൾ തുറക്കലിന്‍റെ സകല ഭാവങ്ങളും വിരിയുന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. നാലര മിനിറ്റ് ദൈർഘ്യമുള്ള പ്രവേശനോത്സവ ഗാനത്തിന് കവി മുരുകൻ കാട്ടാക്കടയാണ് വരികൾ എഴുതിയിരിക്കുന്നത്. വിജയ് കരുണാണ് സംഗീതം.

വരികൾ ആദ്യം എഴുതുകയും പിന്നീട് ഈണം നൽകുകയുമായിരുന്നെന്ന് സംഗീത സംവിധായകൻ വിജയ് കരുൺ പറയുന്നു. കുറഞ്ഞ സമയമെടുത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. 'പട്ടം പോലെ പാറി നടക്കാവുന്ന' സ്കൂൾ ദിനങ്ങളും പേനത്തുമ്പിൽനിന്ന് പാറുന്ന തുമ്പികളുമെല്ലാം വരികളിലുണ്ട്. സ്കൂൾ തുറക്കലിന്‍റെ ഉല്ലാസവും ആഘോഷവുമെല്ലാം നിറയുന്ന വരികൾക്ക് സിതാരയുടെ ശബ്ദവും കുരുന്നുകളുടെ കോറസും കൂടിയായതോടെ ഗാനം അതിഹൃദ്യം.

തിരുവനന്തപുരം എസ്.കെ.ആർ സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്.2017ലാണ് കവി മുരുകൻ കാട്ടാക്കടയുടെ വരികൾ ആദ്യമായി പ്രവേശനോത്സവ ഗാനമായി സംസ്ഥാനത്തെ സ്കൂളുകളിൽ മുഴങ്ങുന്നത്. അന്നും സംഗീത സംവിധാനം വിജയ് കരുണായിരുന്നു. 'വാകകൾ പൂത്തൊരു വസന്തകാലം...പള്ളിക്കൂടകാലം... വാടികൾ തോറും പാറി നടക്കും പൂമ്പാറ്റക്കാലം..'എന്ന ഗാനത്തിന് വൈക്കം വിജയലക്ഷ്മിക്കും ശ്രീറാമിനും ഒപ്പം കാട്ടാക്കടയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളുമാണ് അന്ന് ശബ്ദം നൽകിയത്.

Tags:    
News Summary - They are also happy with the entrance song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.