തൊണ്ടിമുതൽ മോഷണം; അന്വേഷണത്തിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: ജില്ല കലക്ടറേറ്റിലെ ആ‍ർ.ഡി.ഒ കോടതിയിൽനിന്ന് തൊണ്ടിമുതലായ സ്വർണവും വെള്ളിയും പണവും മോഷണം പോയ സംഭവത്തിന്‍റെ അന്വേഷണത്തിൽ ആശയക്കുഴപ്പം. സബ്കലക്ടർ തല അന്വേഷണത്തിൽ പ്രതിയാണെന്ന് സംശയിക്കുന്ന ആളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.

സർക്കാർ നിർദേശാനുസരണം കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പ്രത്യേക സംഘത്തെ തീരുമാനിച്ച് ഡി.ജി.പിയുടെ ഉത്തരവിറങ്ങിയിട്ടില്ല.

പേരൂർക്കട പൊലീസ് അന്വേഷണം നടത്തിവന്ന കേസിന്‍റെ താൽക്കാലിക ചുമതല സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാർ സൈബർ സ്റ്റേഷൻ ഡിവൈ.എസ്.പി ശ്യാംലാലിന്‍റെ നേതൃത്വത്തിലെ സംഘത്തെ ഏൽപിച്ചതായും വിവരമുണ്ട്. എന്നാൽ, ഇതുവരെ പേരൂർക്കട പൊലീസിൽനിന്ന് കേസ് ഫയൽ ഏറ്റുവാങ്ങിയിട്ടില്ല. തൊണ്ടിമുതലുകളുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണെന്ന് മാത്രമാണ് പേരൂർക്കട പൊലീസ് പറയുന്നത്. പൊലീസിന്‍റെയും സബ്കലക്ടറുടെ നേതൃത്വത്തിലെ സമിതിയുടെയും അന്വേഷണത്തിൽ കണ്ടെത്തിയ തൊണ്ടിമുതലുകളുടെ അളവിലും വ്യത്യാസമുണ്ട്.

104 പവൻ നഷ്ടമായതായി സമിതി കണ്ടെത്തിയപ്പോൾ 140 പവൻ നഷ്ടമായെന്നാണ് പൊലീസിന്‍റെ കണക്ക്. 2020-'21 കാലത്ത് തൊണ്ടിമുതലുകൾ സൂക്ഷിച്ചിരുന്ന ചെസ്റ്റിന്‍റെ ചുമതലയുണ്ടായിരുന്ന സീനിയർ സൂപ്രണ്ടാണ് മോഷ്ടാവെന്നാണ് സബ്കലക്ടർ മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Theft from the RDO court; Confusion in the investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.