തിരുവനന്തപുരം: വൈദ്യപരിശോധനക്കായി ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശി സെയ്ദ് മുഹമ്മദിനെയാണ്(28) മംഗലപുരത്തുനിന്ന് പിടികൂടിയത്. മംഗലപുരം കാരമൂട്ടിലെ കളിമൺഖനന പ്രദേശത്തെ ഒഴിഞ്ഞ കുന്നിൻമുകളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. രഹസ്യവിവരം ലഭിച്ച മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിനിടെ തിങ്കളാഴ്ച വൈകീട്ട് സെയ്ദിനെ പിടികൂടുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് നാലിനാണ് സെയ്ദ് ജനറൽ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മ്യൂസിയം എസ്.ഐ രജീഷിനെ ആക്രമിച്ച ശേഷം കൈവിലങ്ങോടെ റോഡിലിറങ്ങി രക്ഷപ്പെടുകയായിരുന്നു. പാറ്റൂർ ഭാഗത്തേക്ക് ഓടിപ്പോയ സെയ്ദ് ഓട്ടോയിൽ മെഡിക്കൽ കോളജിലേക്ക് പോയി.
അവിടെ ഇറങ്ങി മറ്റൊരു ഓട്ടോയിൽ കയറി കഴക്കൂട്ടത്തേക്ക് കടന്നു. കൈയിലുണ്ടായിരുന്ന ഷർട്ട് കൊണ്ട് വിലങ്ങ് മറച്ചിരുന്നു. കൈക്ക് പരിക്കേറ്റതാണെന്നാണ് ഓട്ടോഡ്രൈവർമാരോട് പറഞ്ഞത്. ഇയാൾക്ക് ഒളിവിൽ കഴിയാൻ പരിചയക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
രണ്ടാഴ്ച മുമ്പ് എം.ഡി.എം.എ വിൽപനക്കേസിൽ പൂവാർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോ കോളജിന് സമീപത്തെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് എം.ഡി.എം.എയുമായി പിടിയിലായത്. ഈ കേസാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തത്. ഈ സംഭവത്തിൽ കോടതിയിൽനിന്ന് പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി വൈദ്യപരിശോധനക്ക് കൊണ്ടുവന്നപ്പോഴാണ് രക്ഷപ്പെട്ടത്. 15 കിലോ കഞ്ചാവ് കടത്തിയതിലടക്കം നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് സെയ്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.