തിരുവനന്തപുരം: ലഹരിക്കെതിരെ നടക്കുന്ന ബോധവത്കരണ പ്രവർത്തനങ്ങളുടെ ശക്തരായ പ്രചാരകരാകാൻ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് കഴിയുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാരെ തൂഫാൻ വാരിയർമാരായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ ലഭിക്കുന്ന വിവരങ്ങൾ പൊലീസിൽ അറിയിച്ചാൽ സമൂഹത്തെ കാർന്നുതിന്നുന്ന വലിയ വിപത്തിൽനിന്ന് രക്ഷനേടാനാകും. കാക്കി അണിയുന്നവരാണ് ഡ്രൈവർമാരും പൊലീസുകാരും. പരസ്പരം സുഹൃത്തുക്കളായി മാറാൻ ഇരുകൂട്ടർക്കും കഴിയണം. അനാവശ്യമായ കാര്യങ്ങളിൽ ഓട്ടോറിക്ഷ തൊഴിലാളികളെ പൊലീസ് ബുദ്ധിമുട്ടിക്കില്ലെന്നും അദ്ദേഹം ഉറപ്പു നൽകി. സിറ്റി പൊലീസ് കമീഷണറുടെ ഓഫിസ് പരിസരത്തുനിന്ന് തുറന്ന ജീപ്പിൽ, ഓട്ടോറിക്ഷ ഡ്രൈവർമാരുടെ അകമ്പടിയോടെയാണ് ആഭ്യന്തര മന്ത്രി ഉദ്ഘാടനചടങ്ങിന് എത്തിയത്. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും മന്ത്രിയെ അനുഗമിച്ചു. മന്ത്രി ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് തൂഫാൻ വാരിയേഴ്സ് ബാഡ്ജ് വിതരണം ചെയ്തു. തൂഫാൻ ബോധവൽക്കരണ സ്റ്റിക്കറുകൾ ഓട്ടോറിക്ഷകളിൽ പതിപ്പിച്ചു.
സിറ്റി പൊലീസ് കമീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ, ഡി.സി.പിമാരായ കെ.എസ്. ഷഹൻഷ, ദീപക് ധൻകർ, ഷീൻ തറയിൽ, പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ആർ. ജയശങ്കർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.