ആറ്റിങ്ങൽ: വ്യാജ റിക്രൂട്ട്മെന്റിന് ഇരകളായ അഞ്ചുതെങ്ങ് സ്വദേശികളടക്കം 19 മലയാളികൾ കമ്പോഡിയൻ ജയിലിലെന്ന് വിവരം. അഞ്ചുതെങ്ങ് മാമ്പള്ളി പുതുവൽ പുരയിടത്തിൽ വിജിൻ (27), അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് ആൻസി (22), മാമ്പള്ളി ഓലുവിളാകത്ത് ആന്റണി (24), മാമ്പള്ളി ഓലുവിളാകത്ത് അരുൺ (26), കൊച്ചുമേത്തൻകടവ് കുരിശടിമുക്ക് അമൻ ജെറോം (27) എന്നിവർ ജയിലിലായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
20 ഇന്ത്യക്കാരാണ് കമ്പോഡിയയിൽ കുടുങ്ങിയത്. ഇതിൽ 19 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഉൾപ്പെടും. അഞ്ചുതെങ്ങിൽനിന്നുള്ള അഞ്ചുപേരിൽ മൂന്നുപേർ ഒരു കുടുംബത്തിലുള്ളവരാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് മേഖലകളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ. താമസസ്ഥലത്ത് കമ്പോഡിയൻ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ താമസിച്ചെന്ന കാരണം പറഞ്ഞാണ് ഇവരെ പിടികൂടിയത്. ആദ്യം ഷെൽട്ടറിലേക്ക് മാറ്റുകയും പിന്നീട് കമ്പോഡിയിലെ ബന്റായ മീൻചേയ ജയിലിലടക്കുകയും ചെയ്തു. ഇവരിൽനിന്ന് മൊബൈൽ ഫോണും പാസ്പോർട്ടും പിടിച്ചുവെച്ചു. പിടിക്കപ്പെട്ടവരിൽ ചിലർ മറ്റ് ഫോണുകളിൽനിന്നാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.
രണ്ടര ലക്ഷം രൂപ വീതം നൽകിയാണ് ഇവർ കമ്പോഡിയയിലേക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. സൂപ്പർ മാർക്കറ്റിലെ ജോലിയാണ് റിക്രൂട്ട്മെൻറ് ഏജൻറ് വാഗ്ദാനം ചെയ്തിരുന്നത്. നേരത്തെയും വ്യാജ റിക്രൂട്ട്മെന്റിന് ഇരയായി അഞ്ചുതെങ്ങ് സ്വദേശികൾ കമ്പോഡിയൻ ജയിലിൽ അകപ്പെട്ടിരുന്നു. അന്ന് ബന്ധുക്കളുടെ പരാതിയിൽ കേന്ദ്ര സർക്കാർ ഇടപെട്ടാണ് മോചിപ്പിച്ചത്.
വ്യാജ വാഗ്ദാനങ്ങൾ നൽകി യുവാക്കളെ കബളിപ്പിക്കുന്ന റിക്രൂട്ട്മെന്‍റ് ഏജൻസികൾ സജീവമാണ്. തീരദേശത്തെ യുവാക്കളാണ് കൂടുതലും ഇതിന് ഇരയാകുന്നത്. യൂറോപ്പ്, യു.എസ് ഉൾപ്പെടെ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് നിരവധിപേരിൽനിന്ന് പണം തട്ടി ഏജന്‍റ് മുങ്ങിയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.