‘മൃഗശാലക്ക് പുതിയ കൂടൊരുക്കം’ നോൺ സ്റ്റോപ്പായി ചർച്ചകൾ; സഫലമാകുമോ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: തലസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ മൃഗശാല വനമേഖലയോട് ചേർന്ന പ്രദേശത്തേക്ക് മാറ്റാനുള്ള ചർച്ചകൾക്ക് ജീവൻവെക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. 54 ഏക്കർ വിസ്തൃതിയിലുള്ള മ്യൂസിയത്തിൽ 35 ഏക്കറിലാണ് മൃഗശാല ഒരുക്കിയിട്ടുള്ളത്. 1859ൽ സ്ഥാപിതമായ മൃഗശാലയിൽ നിലവിൽ 92 വർഗങ്ങളിലായി 997 മൃഗങ്ങളാണുള്ളത്. ഇതിൽ 28 വർഗങ്ങൾ സസ്തനികളാണ്.കഴിഞ്ഞ സാമ്പത്തികവർഷം മൃഗശാലയിലെ പ്രവേശനടിക്കറ്റിൽനിന്നുമാത്രം ലഭിച്ചത് അഞ്ചുകോടി രൂപയാണ്. ആവാസവ്യവസ്ഥയിലെ പ്രശ്നങ്ങളും മലിനീകരണവും ചൂണ്ടിക്കാട്ടി വർഷങ്ങൾക്കു മുമ്പുതന്നെ മൃഗശാലയെ നഗരത്തിൽനിന്ന് മാറ്റാനുള്ള ചർച്ചകൾ നടന്നിരുന്നു. മൃഗശാലയെ വനാന്തരീക്ഷത്തിലേക്കു മാറ്റി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തണമെന്ന മുഖ്യമന്ത്രിയുടെ പൊതുപരിപാടിയിലെ പരാമർശമാണ് ചർച്ചകളെ വീണ്ടും ചൂടുപിടിപ്പിച്ചത്.
ചർച്ചകളുടെ തുടക്കം
2012-ൽ കെ.ബി. ഗണേഷ്കുമാർ വനംമന്ത്രിയായിരുന്ന സമയത്ത് സമാനമായ ചർച്ചകളും നിർദേശങ്ങളും ഉയർന്നുവന്നിരുന്നു. മൃഗശാലയെ മറ്റൊരിടത്തേക്ക് മാറ്റണമെന്ന നിർദേശം ആദ്യം അവതരിപ്പിക്കുന്നത് അന്നത്തെ സ്ഥലം എം.എൽ.എ കെ. മുരളീധരനായിരുന്നു. മൃഗശാല മറ്റൊരിടത്തേക്കു മാറ്റുന്നതിൽ പ്രശ്നമില്ലെന്നും മൃഗങ്ങളുടെ മരണനിരക്ക് കുറക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അന്ന് നിർദേശങ്ങൾ സ്വീകരിച്ച വകുപ്പുമന്ത്രി പി.കെ. ജയലക്ഷ്മി വനംവകുപ്പിൽ നിന്ന് 250 ഏക്കർ സ്ഥലം ആവശ്യപ്പെട്ടിരുന്നു.
മൃഗങ്ങൾ നേരിടുന്ന വെല്ലുവിളികൾ
മൃഗങ്ങളെ വനാന്തരീക്ഷം സൃഷ്ടിക്കാതെ ഇരുമ്പുകൂടുകളിൽ സംരക്ഷിച്ചിരിക്കുന്നത് ശാസ്ത്രീയമല്ല. അവയുടെ ആവാസവ്യവസ്ഥ അതുപോലെ പകർന്നുനൽകുന്ന വിശാലമായ തുറന്ന കൂടുകളിലേക്ക് മാറ്റുന്നതാണ് ശാസ്ത്രീയമായ സംരക്ഷണമാർഗം. നഗരത്തിൽ മാലിന്യങ്ങൾ കുന്നുകൂടുന്നത് മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും രോഗങ്ങൾ പരത്തുന്നുണ്ട്. മൃഗശാലയുടെ തടാകത്തിലേക്ക് ഒഴുകുന്ന മലിനജലം രോഗങ്ങൾ കൂടാൻ കാരണമാകുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് മൃഗങ്ങളുടെ മരണനിരക്കിൽ കുറവുവന്നെങ്കിലും 17 വയസ്സുള്ള വെള്ളക്കടുവയും 11 വയസ്സുള്ള പെൺകടുവയും ഇക്കൊല്ലമാണ് മൃഗശാലക്ക് നഷ്ടമായത്.
മാതൃക തൃശൂർ സുവോളജിക്കൽ പാർക്ക്
തൃശൂർ നഗരത്തിലെ ഹൃദയഭാഗമായ ചെമ്പൂക്കാവിൽ 13 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്തിരുന്ന തൃശൂർ മൃഗശാലയെ പുത്തൂരിലെ 336 ഏക്കർ സ്ഥലത്തേക്കാണ് വനംവകുപ്പ് മാറ്റിയത്. അടച്ചിട്ട ചെറിയ കൂടുകൾക്കുപകരം മൃഗങ്ങൾക്ക് സ്വാഭാവികമായരീതിയിൽ സ്വതന്ത്രമായി വിഹരിക്കാൻ കഴിയുന്ന തുറന്ന ആവാസവ്യവസ്ഥയാണ് ഇവിടെ ഒരുക്കിയത്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്കാണിത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവേശനകവാടം, വിശാലമായ 23 വാസസ്ഥലങ്ങൾ, പാർക്കിങ് സൗകര്യം, സന്ദർശകർക്കുള്ള അടിസ്ഥാന സൗകര്യം, മൃഗശാല ആശുപത്രി, കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് സർവീസ് എന്നിവ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും പുത്തൂർ സുവോളജിക്കൽ പാർക്കിലുണ്ട്. ഈ മാതൃകയാണ് തലസ്ഥാനത്തെ മൃഗശാലമാറ്റത്തിനും വിദഗ്ധർ മാതൃകയായി ചൂണ്ടിക്കാട്ടുന്നത്. നെയ്യാർ, പാലോട് തുടങ്ങി കാടിനോടു ചേർന്നുകിടക്കുന്ന സ്ഥലത്തേക്ക് തിരുവനന്തപുരം മൃഗശാലയെ മാറ്റിസ്ഥാപിക്കാനാണ് ആലോചനകൾ പുരോഗമിക്കുന്നത്.
സഫാരി മാതൃക സ്വാഗതം ചെയ്യുന്നു
വിശാലമായൊരു സഫാരി മാതൃകയിലാണ് മൃഗശാലയെ മാറ്റുന്നതെങ്കിൽ പദ്ധതിയെ സ്വാഗതം ചെയ്യുന്നു എന്നാണ് മൃഗശാല അധികൃതരുടെ വാദം. നിലവിൽ സ്വാഭാവികമായി വളർന്ന പച്ചപ്പാണ് മൃഗശാലയിലുള്ളത്. മൃഗങ്ങൾ ഈ പരിതസ്ഥിതിയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇവിടെയുള്ള അതേ ചുറ്റളവിലുള്ള കാട്ടിലും മൃഗങ്ങൾക്ക് പ്രത്യേകിച്ച് മാറ്റം പ്രതീക്ഷിക്കുന്നില്ല. പുത്തൂർ മാതൃകയാണെങ്കിൽ കൂടുതൽ ഗുണം ചെയ്യുമെന്നും അവർ പറയുന്നു.
പച്ചപ്പ് നിലനിർത്തണം
കൊൽക്കത്ത, തിരുവനന്തപുരം മൃഗശാലകളാണ് ഇന്ത്യയിലെ പ്രകൃതിദത്തമായ മൃഗശാലകളായി ഒരുകാലത്ത് കണക്കാക്കിയിരുന്നത്. നഗരത്തിലെ മലിനീകരണവും പാരിസ്ഥിതിക പ്രശ്നങ്ങളും വർധിച്ചത് മൃഗങ്ങളുടെ എണ്ണത്തിലും കുറവുവന്നു. മൃഗശാലയെ നഗരാന്തരീക്ഷത്തിനു പുറത്തേക്കു കൊണ്ടുപോകുന്നതിൽ സന്തോഷമുണ്ട്.സർക്കാർ സ്ഥാപനങ്ങളോകെട്ടിടങ്ങളോ നിർമിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നതെങ്കിൽ അതിനോട് വിയോജിപ്പാണ്. നിലവിലെ പച്ചപ്പിനെ സംരക്ഷിത വനമാക്കി നിലനിർത്തണം. മരങ്ങൾക്കിടയിൽക്കൂടി നടപ്പാത നിർമിച്ചാൽ പ്രഭാതസവാരിക്കിറങ്ങുന്നവർക്ക് ഇരുന്ന് ശുദ്ധവായു ശ്വസിക്കാനാകും.
മുതലാളിമാർക്ക് മറിച്ച് കൊടുക്കാനുള്ള ശ്രമമാണോ പിന്നിലെന്ന് ചോദ്യം
തിരുവനന്തപുരം: നഗരമധ്യത്തിലെ മൃഗശാല മാറ്റിസ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശത്തിനെതിരെ മുൻ എം.എൽ.എ വി.കെ. പ്രശാന്ത് വിമർശനവുമായി രംഗത്തുവന്നു. മൃഗശാലയും മ്യൂസിയവും പറിച്ചുനടാനുള്ള ശ്രമം മുമ്പും നടന്നിട്ടുണ്ടെന്നും ഇപ്പോൾ നടക്കുന്ന ശ്രമം വാണിജ്യലക്ഷ്യത്തോടെയാണെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ അത് ഗുണകരമാകുമെന്ന വാദങ്ങളും മറുവശത്ത് ശക്തതമാകുന്നു.
എന്തായാലും ഇപ്പോൾ അതുസംബബന്ധിച്ച് തീരുമാനം ഒന്നും ആയിട്ടില്ലെന്നും ഒരു നിർദ്ദേശം മാത്രമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞതെന്നുമാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഒരു വർഷം 12 ലക്ഷത്തിലധികം സഞ്ചാരികൾ ഇവിടെയെത്തുന്നു. എട്ടുകോടി രൂപയുടെ വരുമാനം ഉണ്ടാകുന്നുണ്ട്. മൃഗശാലയും മ്യൂസിയവും ഒക്കെ പറിച്ചു നടാനുള്ള ശ്രമങ്ങൾ പലതവണ മുൻപും നടന്നിട്ടുണ്ട്. വാണിജ്യ ലക്ഷ്യത്തോടെയുള്ള ശ്രമം അനുവദികില്ലെന്നാണ് വി.കെ. പ്രശാന്ത് പറയുന്നത്.
നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല നെയ്യാറിലേക്കോ മറ്റോ മാറ്റി സ്ഥാപിക്കണമെന്ന നിർദേശമാണ് കഴിഞ്ഞദിവസം മുന്നോട്ടുവെച്ചത്. അതിനുശേഷം നിലവിലെ സ്ഥലം ‘മാഡിസൺ സ്ക്വയർ’ പോലെയോ പ്രാഗിലെ സ്ക്വയർ പോലെയോ അതിമനോഹരമായ സ്ക്വയറാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മൃഗശാല നിലവിൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ മൃഗത്തിനും അവരുടേതായ സ്വാഭാവിക വാസസ്ഥലമുണ്ടെന്നും, അതിനാൽ നെയ്യാർ പോലെയോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റ് വനമേഖലകളിലേക്കോ മൃഗശാല മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.