നവരാത്രി ഉത്സവം; ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം -മന്ത്രി
തിരുവനന്തപുരം: നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി കെ. മുരളീധരൻ. മുന്നൊരുക്കം വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കെ.എസ്.ആർ.ടി.സി 65 പ്രത്യേക സർവീസുകൾ നടത്തുമെന്ന് മന്ത്രി സി.പി. ജോൺ അറിയിച്ചു. ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള ഭക്തർക്ക് തിരുവനന്തപുരത്തെത്താൻ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
ഉത്സവവുമായി ബന്ധപ്പെട്ട് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് തമിഴ്നാട്ടിൽ നിന്നുളള സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണി വേഗം പൂർത്തിയാക്കണമെന്ന് ദേവസ്വം മന്ത്രി നിർദേശം നൽകി. നവരാത്രി വിഗ്രഹ ഘോഷയാത്ര കടന്നുപോകുന്ന പ്രദേശങ്ങളിൽ ഡി.ജെ പാർട്ടി നടത്താൻ അനുവദിക്കില്ല. ഘോഷയാത്രക്ക് ശുചീന്ദ്രം മുതൽ കേരള പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകും. അഗ്നിരക്ഷ സേന, ആരോഗ്യ വകുപ്പിന്റെ ആംബുലൻസ് എന്നിവ ഘോഷയാത്രയെ ശുചീന്ദ്രം മുതൽ അനുഗമിക്കും.
ഒക്ടോബർ ഒമ്പതിനാണ് തമിഴ്നാട്ടിലെ പത്മനാഭപുരം കൊട്ടാരത്തിൽനിന്ന് സരസ്വതീദേവി വിഗ്രഹവും, ശുചീന്ദ്രത്ത്നിന്ന് ദേവി വിഗ്രഹവും കുമാരകോവിലിൽനിന്ന് കുമാരസ്വാമി വിഗ്രഹവും വെള്ളിക്കുതിരയും പത്മനാഭപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാളിനോടൊപ്പം ഘോഷയാത്രയായി യാത്രതിരിക്കുക. അന്ന് വൈകീട്ട് ഏഴോടെ കുഴിത്തുറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേരും.
പത്തിന് വിഗ്രഹഘോഷയാത്ര കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ എത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങും. വൈകീട്ട് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തങ്ങും. 11ന് വൈകീട്ട് 6.30ഓടെ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തിൽ ഘോഷയാത്ര എത്തും.
ഒക്ടോബർ 12 മുതൽ 21 വരെയാണ് പത്ത് ദിവസത്തെ പൂജകൾ. നവരാത്രി മഹോത്സവം കഴിഞ്ഞ് 23 ന് തിരിച്ചെഴുന്നെള്ളത്ത് ആരംഭിക്കും. യോഗത്തിൽ എം.ആർ. ബൈജു എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ദേവസ്വം കമീഷണർ സുനിൽകുമാർ, നഗരസഭ ഡെപ്യൂട്ടി മേയർ ആശാ ജി. നാഥ്, സിറ്റി പൊലീസ് കമീഷണർ അരുൾ ആർ.ബി. കൃഷ്ണ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.