തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ ബിരുദദാന ചടങ്ങ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു
നിയമവിദ്യാഭ്യാസം പുതിയ സാങ്കേതിക വിദ്യകൾക്കൊപ്പം മാറണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ചക്കൊപ്പം ഉയർന്നുവരുന്ന പുതിയ നിയമ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പുതിയ തലമുറയിലെ നിയമവിദഗ്ധർ തയാറാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാങ്കേതികവിദ്യ എത്രമാത്രം വികസിച്ചാലും അതിനൊപ്പം പുതിയ നിയമസാധ്യതകളും വെല്ലുവിളികളും ഉയർന്നുവരും. അവ തിരിച്ചറിയാനും നിയമപരമായി കൈകാര്യം ചെയ്യാനും കഴിയുന്ന തരത്തിൽ നിയമവിദ്യാഭ്യാസം കാലാനുസൃതമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഗവ. ലോ കോളജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ക്വാണ്ടം കമ്പ്യൂട്ടിങ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിലെ വളർച്ച നിയമരംഗത്തും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. എ.ഐ ഉപയോഗം വർധിച്ചതോടെ പകർപ്പവകാശം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളിൽ പുതിയ നിയമപ്രശ്‌നങ്ങൾ ഉയർന്നുവരുന്നുണ്ട്. സിനിമാ മേഖലയിലെ പൈറസി ഉൾപ്പെടെയുള്ള വിഷയങ്ങളിലും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിയമപരമായ വെല്ലുവിളികൾ വർധിക്കുകയാണ്. നിയമ ബിരുദധാരികൾ അഭിഭാഷകവൃത്തിയിൽ മാത്രം ഒതുങ്ങേണ്ടതില്ല. സർക്കാർ സ്ഥാപനങ്ങൾ, കോർപറേറ്റ് സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും നിയമപരിശോധനയും നിയമവിദഗ്ധരുടെ സേവനവും ആവശ്യമാണ്.
മാറിവരുന്ന സാങ്കേതിക, സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ നിയമ മേഖലകളിലേക്ക് നിയമവിദഗ്ധർ കടന്നുവരണം. കേരളത്തെ പ്രധാന തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള വികസന പ്രവർത്തനങ്ങൾക്കൊപ്പം മാരിടൈം ലോ പഠനത്തിനുള്ള സംവിധാനവും ഒരുക്കണം. മാറുന്ന സാമൂഹിക,സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കുകയും പുതിയ നിയമനിർമാണങ്ങൾ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. നിയമ വിദ്യാർഥികൾക്ക് ശക്തമായ ഭരണഘടനാപരമായ ബോധം ഉണ്ടായിരിക്കണം. സംസാരിക്കുമ്പോഴും ചിന്തിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും നിയമപരവും ഭരണഘടനാപരവുമായ ചട്ടക്കൂട് മനസിൽ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
സാധാരണക്കാരന് നീതി എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അത് വേഗത്തിൽ ഉറപ്പാക്കാൻ പുതിയ തലമുറയിലെ അഭിഭാഷകരും നിയമവിദഗ്ധരും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
വാർഡ് കൗൺസിലർ മേരി പുഷ്പം, മുൻ കേരള ഹൈകോടതി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, കേരള സർവകലാശാല ലോ ഡീൻ പ്രഫ. ഡോ. സിന്ധു തുളസീധരൻ, അഡ്വ. എ.സമ്പത്ത്, ലോ കോളജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഹമീമ. എം തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.